| Wednesday, 26th May 2021, 4:34 pm

കൊവിഡിനെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട രാംദേവിന്റെ 'കൊറോണില്‍' കേരളത്തില്‍; വില്‍പ്പന ആമസോണ്‍ വഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയുടെ കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റ് കേരളത്തില്‍ സുലഭം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലാണ് വില്‍പ്പന നടക്കുന്നത്. പതഞ്ജലി കൊറോണില്‍ സ്വാസരി കിറ്റ് ഗുളികകള്‍ക്ക് 969 രൂപയാണ് വില.

കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിലിനെതിരെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എതിര്‍പ്പുകള്‍ക്ക് മറുപടിയായി തങ്ങളുടെ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു പതഞ്ജലിയുടെ വാദം.

എന്നാല്‍ കൊവിഡിനെതിരെ ഉപയോഗിക്കാന്‍ കഴിയാവുന്ന മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി കൊറോണിലിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.

എന്താണ് കൊറോണില്‍ വിവാദം?

ഫെബ്രുവരി 19നാണ് കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്ന് ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് പതഞ്ജലി സ്ഥാപകനായ രാംദേവ് രംഗത്തെത്തിയത്. മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശാസ്ത്രീയ തെളിവുകള്‍ ആണെന്ന് അവകാശപ്പെട്ട് ചില രേഖകളും രാംദേവ് പുറത്തുവിട്ടിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് എന്ന അവകാശപ്പെടുന്ന രേഖകള്‍ പുറത്തുവിട്ടത്. കൊവിഡിനുള്ള മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ കഴിച്ച് രോഗം ഭേദമായെന്നായിരുന്നു രാംദേവിന്റെ അവകാശവാദം.

കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടോ?

പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഫാക്ട് ചെക്കിംഗ് സൈറ്റായ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിരുന്നു.

ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നാഷണ്‍, ടിവി 9 തുടങ്ങിയ മാധ്യമങ്ങള്‍ കൊറോണിലിന് ലോകാര്യോഗ സംഘടനയുടെ അംഗീകാരം കിട്ടിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു.

ന്യൂസ് നാഷണ്‍ പതഞ്ജലി സ്ഥാപകന്‍ രാംദേവുമായി നടത്തിയ ‘എക്‌സ്‌ക്ലൂസീവ്’ അഭിമുഖത്തിലാണ് അവതാരകന്‍ ദീപക് ചൗരാസിയ കൊവിഡിനെ തടയാന്‍ ഫലപ്രദമായ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന് അവകാശപ്പെട്ടത്.

ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന് രാംദേവിനെ ന്യൂസ് 18 അവതാരകന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൊറോണില്‍ ഇപ്പോള്‍ ‘ഡബ്ല്യു.എച്ച്.ഒ-സര്‍ട്ടിഫൈഡ്’ ആണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം തന്റെ കമ്പനി സന്ദര്‍ശിക്കുകയും കൊറോണിലിന് 150 ലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്ന ലൈസന്‍സ് നല്‍കുകയും ചെയ്തുവെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കൊറോണിലിന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ ഗുഡ്‌സ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (ജി.എം.പി) കംപ്ലയിന്റ് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (സി.പി.പി) ആണ് ലഭിച്ചതെന്ന് പറഞ്ഞ് പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ബാല്‍കൃഷ്ണ രംഗത്തെത്തുകയായിരുന്നു.

കൊറോണില്‍ കൊവിഡ് ഇല്ലാതാക്കുമോ?

2020 ജൂണ്‍ 23നാണ് കൊവിഡിനുള്ള മരുന്നെന്ന പേരില്‍ പതഞ്ജലി കൊറോണില്‍ പുറത്തിറക്കിയത്. കൃത്യമായ ശാസ്ത്രീയ അടിത്തറകള്‍ ഇല്ലാതെയാണ് പതഞ്ജലി മരുന്നുകള്‍ പുറത്തിറക്കിയത്.

എന്നാല്‍ കൊവിഡിനുള്ള മരുന്നെന്ന പേരില്‍ കൊറോണില്‍ വില്‍ക്കരുതെന്നും ചുമ, പനി, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള മരുന്നെന്ന പേരില്‍ വില്‍ക്കാമെന്നും ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ കൊവിഡ് 19 ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കിറ്റ് എന്ന പേരിലാണ് മരുന്ന് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് സെന്ററിലാണ് ഇത് ഉല്‍പാദിപ്പിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ പിന്തുണ

ഫെബ്രുവരി 19 ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അടക്കം പങ്കെടുത്ത ചടങ്ങിലാണ് കൊവിഡിനെതിരെയുള്ള മരുന്നെന്ന നിലയില്‍ കൊറോണില്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച മരുന്നാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളും മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൊവിഡ് വൈറസിനെ ഇല്ലാതാക്കുമെന്ന ശാസ്ത്രീയ തെളിവുകള്‍ ഒന്നുമില്ലാത്ത ഒരു മരുന്നിനെ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് എങ്ങനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞുവെന്ന് വിമര്‍ശിച്ച് ആരോഗ്യരംഗത്തെ പ്രമുഖര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഐ.എം.എയും കൊറോണിലും

കൊറോണിലിന്റെ ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ആരോഗ്യരംഗത്തെ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെ രംഗത്തെത്തിയിരുന്നു. 2021 ഫെബ്രുവരി 22നാണ് കൊറോണിലിന്റെ ശാസ്ത്രീയ വശത്തെപ്പറ്റി ചോദ്യം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയത്.

ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം മരുന്നുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നാണ് ഐ.എം.എ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചത്.

കൊറോണില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് കേന്ദ്രം വിശ്വസിക്കുന്നുവെങ്കില്‍ പിന്നെന്തിനാണ് 35000 കോടി രൂപ ചെലവിട്ട് രാജ്യത്ത് വാക്സിനേഷന്‍ ആരംഭിച്ചതെന്നും ഐ.എം.എ പ്രതിനിധികള്‍ ചോദിച്ചിരുന്നു.

രാംദേവിനെതിരെ തിരിഞ്ഞ് ഐ.എം.എ

രാജ്യം ഒരു മഹാമാരിയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ വ്യാജപ്രചരണവുമായി രംഗത്തെത്തുന്നവരെ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് പിന്തുടരുകയാണ് ഐ.എം.എ. അതിനുദാരണമാണ് രാംദേവിനെതിരെയുള്ള ഐ.എം.എയുടെ നിയമപോരാട്ടം. ഇക്കഴിഞ്ഞ ദിവസം ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തമാണെന്ന തരത്തില്‍ രാംദേവ് നടത്തിയ പ്രസ്താവനയെ നിയമപരമായി തന്നെ നേരിടാനൊരുങ്ങുകയാണ് ഐ.എം.എ.

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

ഇപ്പോഴിതാ രാംദേവിന്റെ പ്രസ്താവനയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഐ.എം.എ. ഉത്തരാഖണ്ഡ് ഐ.എം.എയുടേതാണ് നടപടി. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Ramdev’s Coronil Available In Kerala Through Amazone

We use cookies to give you the best possible experience. Learn more