ന്യൂദല്‍ഹി: രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ഗോ കൊറോണ എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വിവാദത്തിലായ കേന്ദ്രമന്ത്രിയാണ് രാം ദാസ് അത്താവലെ. ഇപ്പോള്‍ ലോകത്ത് വീണ്ടും ഭീഷണിയായ കൊറോണയുടെ രണ്ടാം സ്‌ട്രെയിനിനെ തുരത്താനും തന്റെ പക്കല്‍ മുദ്രാവാക്യമുണ്ടെന്ന അവകാശവാദവുമായി അത്താവലെ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞതവണ ഗോ കൊറോണ എന്ന മുദ്രാവാക്യമാണ് ഉപയോഗിച്ചത്. അതിലൂടെ കൊറോണ വ്യാപനം രാജ്യത്ത് കുറഞ്ഞെന്നും ഇപ്പോള്‍ പടര്‍ന്ന പുതിയ കൊറോണ വൈറസിനെ തടയാന്‍ നോ കൊറോണ, കൊറോണ നോ എന്ന മുദ്രാവാക്യം വിളിച്ചാല്‍ മതിയെന്നാണ് അത്താവലെ പറയുന്നത്.
‘നേരത്തെ ഞാന്‍ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. കൊറോണ വ്യാപനം കുറഞ്ഞിരിക്കുന്നു. പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ നോ കൊറോണ കൊറോണ നോ എന്ന് പറഞ്ഞാല്‍ മതി’, അത്താവലെ പറഞ്ഞു.
ഫെബ്രുവരി 20 ന് കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ വെച്ച് നടന്ന പരിപാടിയിലാണ് അത്താവലെ ഗോ കൊറോണ മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഒക്ടോബര്‍ 27 ന് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചതും വാര്‍ത്തയായിരുന്നു.
ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതിനു പിന്നാലെയാണ് അത്താവലെയുടെ പരാമര്‍ശം. ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ് ലോകം നോക്കി കാണുന്നത്.
നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേരുകയും ചെയ്തിരുന്നു.
പെട്ടെന്ന് പടരുന്ന കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Ramdas Athawale Says New Slogan For Corona Virus