| Thursday, 25th March 2021, 3:40 pm

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന് കരുനീക്കി കേന്ദ്രം; ചുക്കാന്‍ പിടിക്കാന്‍ രാം ദാസ് അത്തേവാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാം ദാസ് അത്തേവാല വ്യാഴാഴ്ച പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ കണ്ടു.

മുന്‍ മുംബൈ പൊലീസ് ചീഫായിരുന്ന പരംബീര്‍ സിംഗ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് രാം ദാസ് അത്തേവാല രാഷ്ട്രപതിയെ കണ്ടത്. മഹാരാഷ്ട്ര സര്‍ക്കാരിന് കൊവിഡ് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും രാം ദാസ് അത്തേവാല പറഞ്ഞു.

” മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലല്ല. കൊവിഡ് 19 നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ക്രമസമാധാനപാലനത്തിലും മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയമാണ്,” രാം ദാസ് അത്തേവാല പറഞ്ഞു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാം ദാസ് അത്തേവാല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.

മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramdas Athawale meets President Ram Nath Kovind, demands President’s Rule in Maharashtra

Latest Stories

We use cookies to give you the best possible experience. Learn more