| Saturday, 19th December 2020, 9:39 pm

ബംഗാളില്‍ ഭരണം ബി.ജെ.പി പിടിച്ചെടുക്കും, ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ രാജ്; രാം ദാസ് അത്താവലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവലെ.

സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നിലനില്‍ക്കുന്നതെന്നും അത് ഇല്ലാതാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നുമായിരുന്നു അത്താവലെയുടെ വിമര്‍ശനം.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നടത്തിയ റാലിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടായിരുന്നു അത്താവലെയുടെ വിമര്‍ശനം.

ബി.ജെ.പിയ്ക്ക് പശ്ചിമബംഗാളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തങ്ങള്‍ തന്നെ അടുത്ത് ഭരണത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

‘അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ബംഗാളിലെ രാഷ്ട്രീയം മാറിമറിയാന്‍ പോകുകയാണ്. ഇനിയും ധാരാളം തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരും. ബംഗാളിലെ ജനങ്ങളും മമത ബാനര്‍ജിയെ മാറ്റാന്‍ ആഗ്രഹിക്കുന്നവരാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. റിപ്പബ്ലിക് പാര്‍ട്ടിയും അതില്‍ വ്യക്തമായ സംഭാവന നല്‍കും. നാലുമുതല്‍ അഞ്ച് സീറ്റുകള്‍ വരെ ഞങ്ങള്‍ നേടും. അത് ബി.ജെ.പിയ്ക്ക് ഗുണകരമാകും. കഴിഞ്ഞ പത്ത് വര്‍ഷമായി ബംഗാള്‍ മമത ബാനര്‍ജി ഭരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നിലനില്‍ക്കുന്നത്. അത് മാറണം’, അത്താവലെ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുന്‍മന്ത്രികൂടിയായ സുവേന്തു അധികാരി ബി.ജെ.പിയിലെത്തിയത് ചര്‍ച്ചയാകുകയാണ്. സുവേന്തു അധികാരിയോടൊപ്പം പത്ത് എം.എല്‍.എമാരും ഒരു എം.പിയുമാണ് ബി.ജെ.പിയില്‍ നിന്നും അംഗത്വം സ്വീകരിച്ചത്. സുവേന്തു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

പാര്‍ട്ടിവിടുന്നതിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സുവേന്തു അധികാരി കഴിഞ്ഞ ദിവസം അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ചീഞ്ഞളിഞ്ഞുകഴിഞ്ഞെന്നും അതിനുള്ളിലുള്ളവരുടെ മനസ്ഥിതി ശരിയല്ലെന്നുമാണ് കത്തില്‍ സുവേന്തു അധികാരി പറഞ്ഞിരിക്കുന്നത്.

‘പശ്ചിമ ബംഗാളും ടി.എം.സിയും ആരുടേയും സ്വന്തമല്ല. ഒരാളുടെ സംഭാവനകൊണ്ട് ഒരു ദിവസം ഉണ്ടായിവന്ന പാര്‍ട്ടിയുമല്ല അത്. നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ആ പാര്‍ട്ടി കെട്ടിപ്പടുക്കപ്പെട്ടത്’, എന്നാണ് സുവേന്തു അധികാരി കത്തില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം സുവേന്തു അധികാരിയുടെ നിയമസഭയില്‍ നിന്നുള്ള രാജി ബംഗാള്‍ നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി നിരസിച്ചിരുന്നു. നടപടിക്രമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് രാജി നിരാകരിച്ചത്.

രാജി സ്വമനസ്സാലെയുളളതാണെന്ന് ബോധ്യപ്പെടുന്നത് വരെ ഇന്ത്യന്‍ ഭരണഘടനയുടെയും പശ്ചിമബംഗാള്‍ നിയമസഭയുടെ നടപടി നിയമക്രമങ്ങളുടെയും വെളിച്ചത്തില്‍ രാജി സ്വീകരിക്കാന്‍ തനിക്കാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

സുവേന്തു അധികാരി രാജിക്കത്ത് നേരിട്ട് തനിക്ക് കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അധികാരിയുടെ നിലപാട് അറിയുന്നതിന് വേണ്ടി തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

പാര്‍ട്ടി അധ്യക്ഷനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ബുധനാഴ്ച തന്നെ അധികാരി രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും മമതാ ബാനര്‍ജിക്കും കൈമാറിയ രാജിക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ അവസരങ്ങള്‍ക്ക് അധികാരി നന്ദി പറഞ്ഞിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കിട്ടാത്തവര്‍ പാര്‍ട്ടിവിടുകയാണെന്നായിരുന്നു അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് മമത പ്രതികരിച്ചത്.

വ്യാഴാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ജിതേന്ദ്ര തിവാരി അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. പശ്ചിം ബര്‍ധമാന്‍ ജില്ലയിലെ തൃണമൂല്‍ പ്രസിഡന്റ് പദവിയും അദ്ദേഹം രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramdas Athavale Slams Mamtha banerjee

We use cookies to give you the best possible experience. Learn more