വ്യക്തിയാരാധനയും കുടുംബരാഷ്ട്രീയവും ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുർബലമാക്കുന്ന വീഴ്ചകൾ: രാമചന്ദ്ര ഗുഹ
India
വ്യക്തിയാരാധനയും കുടുംബരാഷ്ട്രീയവും ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുർബലമാക്കുന്ന വീഴ്ചകൾ: രാമചന്ദ്ര ഗുഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 4:54 pm

ന്യൂദൽഹി: ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വീഴ്ചകളുടെ ഒരു പരമ്പര തന്നെ പുതിയ സർക്കാരിനെ കാത്തിരിക്കുന്നുവെന്ന് രാഷ്ട്രീയ ചിന്തകനായ രാമചന്ദ്ര ഗുഹ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. വേണ്ട വിധത്തിൽ അഭിസംബോധന ചെയ്തില്ലെങ്കിൽ ഈ വീഴ്ചകൾ രാജ്യത്തിന്റെ ജനാധിപത്യഭരണത്തെ ദുർബലപ്പെടുത്തിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ കക്ഷികൾ നിർബന്ധമായും പാർട്ടിക്കുള്ളിലും ജനാധിപത്യം കാത്തുസൂക്ഷിക്കണമെന്നും സഹപ്രവർത്തകരോട് ഉത്തരവാദിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യൻ രാഷ്ട്രീയം ഈ അവസ്ഥയിൽ നിന്നും ഏറെ മാറിയിരിക്കുന്നെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് വ്യക്ത്യാരാധനയും കുടുംബ രാഷ്ട്രീയവുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വ്യക്തിയാരാധനയുടെ ഏറ്റവും വലിയ ഉദാഹരണം ബി.ജെ.പിയാണ്. കഴിഞ്ഞ ദശകത്തിൽ ബി.ജെ.പിയുടെ പാർട്ടി സംവിധാനങ്ങളും അണികളും കഠിനാദ്ധ്വാനം ചെയ്തത് മോദിയെ ദൈവ സമാനമായ അമാനുഷിക വ്യക്തിയായി ഉയർത്തികാണിക്കാനാണ്. അതുപോലെ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളും ഇത് തന്നെയാണ് ചെയ്തത്. ബംഗാളിലെ മമത ബാനർജിയാണെങ്കിലും കേരളത്തിലെ പിണറായി വിജയനാണെങ്കിലും ദൽഹിയിലെ അരവിന്ദ് കെജ്‌രിവാളാണെങ്കിലും ആന്ധ്രയിലെ ജഗൻ മോഹൻ റെഡ്ഢിയാണെങ്കിലും ചെയ്യുന്നത് ഒന്ന് തന്നെ. സ്വന്തം ഇടങ്ങളിൽ സ്വയം രാജാവാകാൻ ശ്രമിക്കുകയാണവർ,’ അദ്ദേഹം പറഞ്ഞു.

പാർട്ടി സംവിധാനത്തിലെ അഴിമതിയാണ് രാഷ്ട്രീയത്തിലെ മറ്റൊരു വീഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം കുടുംബ രാഷ്ട്രീയത്തെയും അദ്ദേഹം എതിർത്തു. പതിറ്റാണ്ടുകളായി പ്രയത്നിച്ചവരെ മാറ്റി നിർത്തി പ്രിയങ്ക ഗാന്ധിയെ ജനറൽ സെക്രട്ടറിയാക്കിയ കോൺഗ്രസിനെ രാമചന്ദ്ര ഗുഹ വിമർശിക്കുകയും ചെയ്തു.

‘പതിറ്റാണ്ടുകളായി പ്രയത്നിച്ചവരെ മാറ്റി നിർത്തി പ്രിയങ്ക ഗാന്ധിയെ പാർട്ടി സെക്രട്ടറിയാക്കിയ കോൺഗ്രസ് പാർട്ടിയാണ് കുടുംബ രാഷ്ട്രീയത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഗാന്ധിമാരുടെ മുന്നിൽ മോശക്കാരനാവാതിരിക്കാൻ തന്റെ മകന് കർണാടകയിൽ കാബിനറ്റ് മന്ത്രി പദവി വാങ്ങിക്കൊടുത്ത മല്ലികാർജുൻ ഖാർഗെയും മോശക്കാരനല്ല,; അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ബീഹാറിലെ ആർ.ജെ.ഡി, ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി, തമിഴ്‌നാട്ടിലെ ഡി.എം.കെ തുടങ്ങിയ പ്രാദേശിക രാഷ്ട്രീയപാർട്ടികളും കുടുംബ രാഷ്ട്രീയം വലിയതോതിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയവ്യവസ്ഥ ബ്രിട്ടനിനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ പ്രധാനമന്ത്രി ഋഷി സുനകിന് ചുറ്റും ആളും ആരവങ്ങളും ഒന്നുമില്ലെന്നും അവിടെ വ്യക്തിയാരാധനയില്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. അവിടുത്തെ പ്രതിപക്ഷ നേതാവായ കെയർ സ്റ്റാമാറോ പ്രധാനമന്ത്രിയോ കുടുംബ രാഷ്ട്രീയത്തിൽ നിന്നുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ ബ്രിട്ടനിൽ പാർട്ടിയിൽ നേതാക്കൾക്കുള്ള ബഹുമാനവും വിശ്വാസവും എന്ന് നഷ്ടപ്പെടുന്നുവോ അന്ന് അവർക്ക് സ്ഥാനമൊഴിയേണ്ടിവരും. അവിടേക്ക് ഏതെങ്കിലും രാഷ്ട്രീയവംശത്തിലെ ഇളമുറക്കാർ കയറില്ല, മറിച്ച് സ്വയം നിർമിതരായ നേതാക്കൾ കടന്നു വരും,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Ramchathra Guha talks about Indian political parties  and political leaders