| Friday, 2nd December 2022, 11:42 pm

ലൂസിഫര്‍ ഒ.ടി.ടിയില്‍ ആളുകള്‍ കണ്ടിട്ടുപോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി, 150 കോടി നേടി; രാം ചരണിന് ട്രോളഭിഷേകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിരഞ്ജീവി ചിത്രം ഗോഡ്ഫാദറിനെ കുറിച്ചുള്ള രാം ചരണിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ റീമേക്ക് തിയേറ്ററുകളില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഗോഡ്ഫാദര്‍ നേടിയ കളക്ഷനെ പറ്റിയുള്ള രാംചരണിന്റെ വാക്കുകള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയരുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ ലീഡേഴ്‌സ് സമ്മിറ്റിലായിരുന്നു രാം ചരണിന്റെ പരാമര്‍ശങ്ങള്‍. റീമേക്കുകള്‍ ചെയ്യുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ ഇനിയും റീമേക്കുകള്‍ ചെയ്യുമോ എന്നറിയില്ല എന്നാണ് രാം ചരണ്‍ പറഞ്ഞത്. റീമേക്ക് ചെയ്യുകയാണെങ്കില്‍ തന്നെ ഒറിജിനല്‍ സിനിമ ചെയ്ത പ്രൊഡ്യൂസറിനോട് ഒറിജിനല്‍ വേര്‍ഷന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യരുതെന്ന് പറയുമെന്നും രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടക്കാണ് ഗോഡ്ഫാദറിനെ പറ്റി രാം ചരണ്‍ സംസാരിച്ചത്. ‘മോഹന്‍ലാലിന്റെ ലൂസിഫറിന്റെ റീമേക്കായിരുന്നു ഗോഡ്ഫാദര്‍. ഒറിജിനല്‍ സിനിമ ഒ.ടി.ടിയില്‍ ആളുകള്‍ കണ്ടിട്ടുപോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി. 145 മുതല്‍ 150 കോടി വരെ ചിത്രം നേടി,’ രാം ചരണ്‍ പറഞ്ഞു.

രാം ചരണിന്റെ പ്രസ്താവനക്ക് പിന്നാലെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 100 കോടി പോലും തികക്കാത്ത ചിത്രം ബോക്‌സ് ഓഫീസില് ദുരന്തമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസം. സക്‌സസ് സെലിബ്രേഷനും ഫേക്ക് പോസ്റ്ററുകളും ഇറക്കി ചിത്രം വിജയമാണെന്ന് കാണിക്കാന്‍ മെഗാ ഫാമിലി കഷ്ടപ്പെടുകയാണെന്നും നെറ്റിസണ്‍സ് പറയുന്നു.

അതേസമയം ഒ.ടി.ടി റിലീസുകളെ പറ്റിയും റീമേക്ക് ചിത്രങ്ങളെ പറ്റിയും മറ്റ് ചില പരാമര്‍ശങ്ങളും രാം ചരണ്‍ നടത്തിയിരുന്നു. ‘റീമേക്കുകള്‍ നിര്‍മിച്ചാല്‍ നല്ലൊരു വിഭാഗം പ്രേക്ഷകരെ നഷ്ടമാകും. ഒ.ടി.ടിയില്‍ ഒരു സിനിമ കണ്ടതിന് ശേഷം അതിന്റെ റീമേക്ക് തിയേറ്ററില്‍ പോയി കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ താരത്തിന്റെ കരിസ്മ ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുമായിരിക്കും. എന്നാല്‍ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല.

പാന്‍ ഇന്ത്യയും വുഡുകളും മാറ്റേണ്ട സമയമായി. ഇന്ത്യന്‍ സിനിമയായും ഇന്ത്യന്‍ താരങ്ങളായും മാറണം. വിക്കിപ്പീഡിയ നോക്കുമ്പോള്‍ അതില്‍ സൗത്ത് ആക്ടറെന്നോ ഹിന്ദി ആക്ടറെന്നോ കാണരുത്. രാം ചരണിനേയും അക്ഷയ് കുമാറിനോയും ഇന്ത്യന്‍ ആക്ടര്‍ എന്നാകണം വിശേഷിപ്പിക്കേണ്ടത്. ആ സുന്ദരമായ മാറ്റം ഉടന്‍ തന്നെയുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്,’ രാം ചരണ്‍ പറഞ്ഞു.

Content Highlight: Ramcharan’s words about the collection won by Godfather are being trolled on social media

We use cookies to give you the best possible experience. Learn more