| Monday, 28th March 2022, 8:57 pm

നിങ്ങളൊരു സെന്‍സേഷനാണ്; കെ.ജി.എഫ് 2വില്‍ സ്വന്തം പെര്‍ഫോമന്‍സിനെ തന്നെ കടത്തിവെട്ടി: രാംചരണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് സ്റ്റാര്‍ യഷിനെ പുകഴ്ത്തി നടന്‍ രാംചരണ്‍ തേജ. യഷ് ഒരു സെന്‍സേഷനാണ്, എന്നായിരുന്നു ആര്‍.ആര്‍.ആര്‍ താരത്തിന്റെ പ്രതികരണം.

കെ.ജി.എഫ് 2വിലൂടെ സ്വന്തം പെര്‍ഫോമന്‍സിനെ തന്നെ യഷ് കടത്തിവെട്ടുമെന്നും രാംചരണ്‍ പറഞ്ഞു.

കെ.ജി.എഫ് രണ്ടിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു താരം യഷിനെ പുകഴ്ത്തി സംസാരിച്ചത്. തെലുങ്കു ട്രെയ്‌ലര്‍ പങ്കുവെച്ചത് രാംചരണ്‍ ആയിരുന്നു.

”യഷ്, നിങ്ങളൊരു സെന്‍സേഷനാണ്. ഞാന്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ കടത്തിവെട്ടിയിരിക്കുകയാണ്.

നിങ്ങളുടെ കഠിനാധ്വാനമാണ് ഇന്ന് കന്നഡ സിനിമയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നത്,” രാംചരണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. ബംഗളൂരുവില്‍ വെച്ച് നടന്ന മെഗാ ഇവന്റില്‍ രവീണ ടണ്ടന്‍ അടക്കമുള്ള ചിത്രത്തിലെ താരങ്ങള്‍ക്ക് പുറമെ കരണ്‍ ജോഹര്‍ പൃഥ്വിരാജ് സുകുമാരന്‍ എന്നിവരും പങ്കെടുത്തിരുന്നു.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

റോക്കിക്കൊപ്പം വില്ലനായ സഞ്ജയ് ദത്തും ട്രെയ്‌ലറിലൂടെ പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

രണ്ടാം ഭാഗത്തില്‍ പ്രകാശ് രാജും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight: RamCharan praises Yash during KGF 2 trailer launch

We use cookies to give you the best possible experience. Learn more