വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റം തടയാന്‍ പാഠപുസ്തകത്തില്‍ രാമായണവും മഹാഭാരതവും
national news
വിദ്യാര്‍ത്ഥികളുടെ വിദേശ കുടിയേറ്റം തടയാന്‍ പാഠപുസ്തകത്തില്‍ രാമായണവും മഹാഭാരതവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 5:41 pm

ന്യൂദല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകത്തിലെ ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ (എന്‍.സി.ഇ.ആര്‍.ടി) ശുപാര്‍ശ. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറികളിലെ ചുമരുകളില്‍ എഴുതിവെക്കണമെന്നും കമ്മിറ്റി ശുപാര്‍ശയില്‍ നിര്‍ദേശിക്കുന്നു. സാമൂഹിക ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടേതാണ് ശുപാര്‍ശ.

രാമായണം, മഹാഭാരതം എന്നിവ ഏഴ് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ സാമൂഹിക ശാസ്ത്ര സിലബസിന്റെ ഭാഗമാക്കി മാറ്റണമെന്ന് കമ്മിറ്റി ശുപാര്‍ശയില്‍ പറയുന്നു. ഇത്തരത്തിലുള്ള മാറ്റം കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ ദേശസ്‌നേഹവും ആത്മാഭിമാനവും വളര്‍ത്തുമെന്നുമാണ് കമ്മിറ്റിയുടെ അവകാശവാദം.

ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് പൗരത്വം തേടുന്നുണ്ടെന്നും, അതിന് കാരണമാകുന്നത് ദേശസ്‌നേഹത്തിന്റെ അഭാവമാണെന്നും കമ്മിറ്റി പറയുന്നു. ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ തലമുറയുടെ വേരുകള്‍ മനസിലാക്കേണ്ടതും, രാജ്യത്തോടും സംസ്‌കാരത്തോടുമുള്ള വിദ്യാര്‍ത്ഥികളുടെ സ്‌നേഹം വര്‍ധിപ്പിക്കേണ്ടതും പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നുമാണ് കമ്മിറ്റിയുടെ അവകാശവാദം.

ചില വിദ്യാഭ്യാസ ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ അത് ഒരു മിഥ്യയായി പഠിപ്പിക്കുന്നുവെന്നും അതൊരിക്കലും രാജസേവനമാവില്ലെന്നും കൗണ്‍സില്‍ പറഞ്ഞു.

പാഠപുസ്തകങ്ങളില്‍ പൗരാണിക ചരിത്രത്തിന് പകരം ക്ലാസിക്കല്‍ ചരിത്രം ഉള്‍പ്പെടുത്തി ഇന്ത്യക്ക് പകരം ഭാരത് എന്ന് മാറ്റണമെന്നുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ നിര്‍ദേശം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സാമൂഹിക ശാസ്ത്ര കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയ സി.ഐ. ഐസക്കാണ് വിവാദ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Content Highlight: Ramayana and Mahabharata in textbook to prevent foreign migration of students: N.C.E.R.T