കോഴിക്കോട്: തന്റെ പുതിയ ചിത്രമായ ‘പുഴ മുതല്‍ പുഴ വരെ’ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ രാമസിംഹന്‍(അലി അക്ബര്‍). ഒരു ബി.ജെ.പിക്കാരനും ഒരു രാഷ്ട്രീയക്കാരനും ഈ സിനിമയുടെ പിന്നിലില്ലെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘കെ. സുരേന്ദ്രന്റെ കയ്യില്‍ നിന്ന് പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. പാര്‍ട്ടിയിലെ അണികള്‍ ചിലപ്പോള്‍ സംഭാവന നല്‍കിയിട്ടുണ്ടാകും. മിനിഞ്ഞാന്ന് മാത്രമാണ് സുരേന്ദ്രന്‍ ഈ സിനിമ കാണണമെന്ന് ആഹ്വാനം ചെയ്തത്. ഒരു ബി.ജെ.പിക്കാരനും ഒരു രാഷ്ട്രീയക്കാരനും ഈ സിനിമയുടെ പിന്നില്‍ ഇല്ല.
സംഘപരിവാര്‍ സംഘടനകള്‍ ചിലപ്പോള്‍ സഹായിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ സംഘത്തിന്റേതായി ഒരു പൈസയും വന്നിട്ടില്ല. പക്ഷെ, സന്യാസിമാര്‍ ഈ സിനമക്കായി പൈസ തന്നിട്ടുണ്ട്,’ രാമസിംഹന്‍ പറഞ്ഞു.
താനടക്കമുള്ളവര്‍ പ്രതിഫലം വാങ്ങാതെയാണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും രണ്ട് കോടി രൂപയാണ് പൊതുജനങ്ങളില്‍ നിന്ന് ആകെ സിനിമക്കായി വന്നതെന്നും രാമസിംഹന്‍ പറഞ്ഞു.
‘രണ്ട് കോടി രൂപയാണ് പൊതുജനങ്ങളില്‍ നിന്ന് ആകെ വന്നത്. വിതരണത്തിന്റെ അടക്കം കണക്കാണിത്. ഈ ബജറ്റില്‍ തന്നെയാണ് സിനിമയുടെ ഹിന്ദി പതിപ്പും ചെയ്തിട്ടുള്ളത്. ഹിന്ദിയുടെ ചിത്രീകരണം പൂര്‍ത്തിയായി. അതിന്റെ സെന്‍സെറിങ് കഴിഞ്ഞിട്ടില്ല.
രണ്ട് കോടി സാമ്പത്തിക ഇന്‍പുട്ടും രണ്ട് കോടി ഫിസിക്കല്‍ ഇന്‍പുട്ടുമാണ്. പലരുടേയും സഹകരണവും അധ്വാനവും സിനിമക്ക് ലഭിച്ചിട്ടുണ്ട്. അതൊക്കെ പ്രതിഫലം കൊടുക്കാത്ത അധ്വാനങ്ങളാണിത്. ഞാനടക്കമുള്ളവര്‍ പ്രതിഫലം വാങ്ങിക്കാത്ത അധ്വാനമാണ് ഈ രണ്ടര വര്‍ഷവും സിനിമക്കായി നടത്തിയത്,’ രാമസിംഹന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പുഴ മുതല്‍ പുഴ വരെ’ മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച റിലീസാകും. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്.
ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയാണ് രാമസിംഹന്‍ ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Ramasimhan says that puzha muthal puzha vare has no connection with BJP