|

എമ്പുരാന്റെ വിവാദം അടങ്ങുന്നില്ല, മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ പാടില്ലെന്ന് രാമസിംഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡും തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. ലൂസിഫറിന്റെ തുടര്‍ച്ചയായെത്തിയ ചിത്രം ആദ്യദിനം തന്നെ 65 കോടിയാണ് നേടിയത്. ആദ്യഭാഗത്തെക്കാള്‍ വലിയ ക്യാന്‍വാസില്‍ കഥപറയുന്ന ചിത്രം ശക്തമായ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യത്തെ 20 മിനിറ്റ് ഗുജറാത്ത് കലാപമാണ് കാണിക്കുന്നത്.

നരോദപാട്യയിലെ കലാപത്തെ കാണിക്കുന്ന ചിത്രത്തിലെ ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്തിയതും അതിന് കാരണക്കാരായാവരാണ് രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയും തീവ്ര വലതുപക്ഷവാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയും നായകനായ മോഹന്‍ലാലിനെതിരെയും വ്യാപകമായ സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്.

ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ രാമസിംഹന്‍. മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്നാണ് രാമസിംഹന്‍ അഭിപ്രായപ്പെട്ടത്. 2009ലാണ് ഇന്ത്യന്‍ സൈന്യം മോഹന്‍ലാലിന് ഓണററിയായി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

മദ്രാസ് റെജിമെന്റെ 122 TA ബറ്റാലിയനിലാണ് മോഹന്‍ലാല്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മോഹന്‍ലാല്‍ തന്റെ ബറ്റാലിയനൊപ്പം ചേരാറുണ്ട്. രാജ്യം ഭരിക്കുന്നവര്‍ക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഭാഗമായതിനാലാണ് സൈന്യത്തില്‍ തുടരാന്‍ പാടില്ലെന്ന് തീവ്രവലതുപക്ഷവാദികല്‍ അഭിപ്രായപ്പെടുന്നത്.

പൃഥ്വിരാജിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. മട്ടാഞ്ചേരി മാഫിയയുടെ ആളാണ് പൃഥ്വിരാജെന്നും ജിഹാദിയാണെന്നുമാണ് പൃഥ്വിരാജിനെക്കുറിച്ച് പലരും ആരോപിക്കുന്നത്. ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ച സമയത്തും പൃഥ്വിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും എമ്പുരാനെതിരെ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുണ്ട്. ഹിന്ദുക്കളെ മോശക്കാരാക്കിയും മുസ്‌ലിങ്ങളെ നല്ലവരാക്കിയും ചിത്രീകരിക്കുന്ന പ്രൊപ്പഗണ്ട സിനിമയാണ് എമ്പുരാന്‍ എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത്രയും വലിയ ബജറ്റുള്ള ചിത്രത്തില്‍ രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിച്ച അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചും പോസ്റ്റുകളുണ്ട്.

Content Highlight: Ramasimhan saying Mohanlal should not continue in Indian Army anymore after he become part of Empuraan