പുഴ മുതല്‍ പുഴ വരെ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിയെ സമീപിച്ചിരുന്നതായി സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ രാമസിംഹന്‍ അബൂബക്കര്‍. എന്നാല്‍ അത് നിരസിച്ചെന്നും മതേതരത്വം തകരുമെന്നതിനാലായിരിക്കാം അദ്ദേഹം അത് നിരസിച്ചതെന്നും രാമസിംഹന്‍ പറഞ്ഞു.
24 ന്യൂസിന്റെ ജനകീയ കോടതി പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ് ഗോപി എന്ന നടനെ നായകനാക്കിക്കൊണ്ടുവന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
‘സുരേഷ് ഗോപിയെ പുഴമുതല്‍ പുഴവരെ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സമീപിച്ചിരുന്നു. ഒരു സീന്‍ അഭിനയിക്കാന്‍ പറഞ്ഞിരുന്നു. അദ്ദേഹം അത് പറ്റില്ലെന്ന് പറഞ്ഞു. ചിലപ്പോള്‍ മതേതരത്വം തകരുമെന്നത് കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്. പൊന്നുച്ചാമി എന്ന സിനിമയിലൂടെ സുരേഷ് ഗോപിയെന്ന നടനെ ഒരു നായകനാക്കി കൊണ്ടുവന്നത് ഞാനാണ്. അതിലാണ് അദ്ദേഹം നായകനായി വരുന്നത്.
നമുക്കാരോടും നിര്‍ബന്ധിച്ച് നിങ്ങള്‍ അഭിനയിച്ചേ മതിയാകൂ എന്ന് പറയാനാകില്ല. അദ്ദേഹത്തിന് റിജക്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഇത് അദ്ദേഹത്തിന് അഭിനയിക്കാന്‍ മാത്രം ഗുണമുള്ളതല്ല എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടെങ്കില്‍ അങ്ങനയാകട്ടെ. എനിക്ക് തോന്നിയിട്ടുള്ളത്, അദ്ദേഹത്തിന്റെ മതേതരത്വ മുഖം തകര്‍ന്ന് പോകുമെന്ന് കരുതിയാകാം അദ്ദേഹം ഇതില്‍ അഭിനയിക്കാതിരുന്നത്. കാരണം, ഇതിലേക്ക് വിളിച്ചിട്ടുള്ള പലരും അങ്ങനെയാണ് മാറിയിട്ടുള്ളത്.
ക്യാമറന്‍മാരും പല നടന്‍മാരും അവസാനം നിമിഷമാണ് പിന്‍മാറിയത്. പത്ത് നാല്‍പത് വര്‍ഷം മലയാള സിനിമയോടൊപ്പം സഞ്ചരിച്ച ആളാണ് ഞാന്‍. ജഗദീഷിനെയും ഞാന്‍ ഈ സിനിമയിലേക്ക് വിളിച്ചിരുന്നു. അദ്ദേഹവും പറ്റില്ലെന്ന് പറഞ്ഞു,’ രാമസിംഹന്‍ പറഞ്ഞു.
CONTENT HIGHLIGHTS: Ramasimhan on Sureshgopi not acting in his film