രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രം ഹിന്ദിയില്‍ മൊഴിമാറ്റി പുറത്തിറക്കും. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രം ഓള്‍ ഇന്ത്യ തലത്തില്‍ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റി പുറത്തിറക്കുന്നതെന്നും ഫേസ്ബുക്ക് ലൈവില്‍ രാമസിംഹന്‍ അറിയിച്ചു.
കൊവിഡ് പ്രതിസന്ധി മാറിയാല്‍ ചിത്രം റിലീസ് ചെയ്യുമെന്നും രാമസിംഹന്‍ പറഞ്ഞു.
പേര് മാറ്റത്തിന് പിന്നാലെ വന്ന വിവാദങ്ങള്‍ക്കും അദ്ദേഹം ലൈവില്‍ മറുപടി നല്‍കി. തന്റെ പേര് മാറ്റിയത് കൊണ്ടുമാത്രം തന്റെ പിതാവിന്റെ പേര് മാറുന്നില്ലെന്നും മുഴുവന്‍ പേര് രാമസിംഹന്‍ അബൂബക്കര്‍ എന്നായിരിക്കും എന്നുമാണ് രാമസിംഹന്‍ ലൈവില്‍ പറഞ്ഞത്.
”ഞാന്‍ പേര് മാറ്റി എന്നുകരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ട് ഇനി എന്റെ പേര് രാമസിംഹന്‍ അബൂബക്കര്‍ എന്നായിരിക്കും.
ഞാന്‍ ഹിന്ദു വിശ്വാസം സ്വീകരിച്ച് കഴിഞ്ഞു. ഇനി എന്റെ സ്വത്തിനോ മരണശേഷം എന്റെ ശരീരത്തിനോ ഒരു തര്‍ക്കവും വരില്ല’; ലൈവില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു തന്റെ പേര് ‘രാമസിംഹന്‍’ എന്ന് മാറ്റുന്നതായി സംവിധായകന്‍ അലി അക്ബര്‍ പ്രഖ്യാപിച്ചത്.
1921 പുഴ മുതല്‍ പുഴ വരെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ചിത്രത്തിന്റെ നിര്‍മാണം അലി അക്ബര്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
പോസ്റ്ററില്‍ അലി അക്ബര്‍ എന്ന് രേഖപ്പെടുത്തിയതില്‍ നിരവധി പേര്‍ ഫേസ്ബുക്കിലൂടെ സംശയമുന്നയിച്ച് കമന്റ് ചെയ്തിരുന്നു. അലി അക്ബര്‍ എന്ന പേര് ഇപ്പോഴും ഉപയോഗിക്കുന്നത് ഔചിത്യമാണോ, ഈ പേര് ഇനിയും ചുമക്കണോ എന്നൊക്കെയായിരുന്നു കമന്റ് വന്നത്.
ഇതിനുള്ള മറുപടിയും രാമസിംഹന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടുണ്ട്.
ആചാരവിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ രജിസ്‌ട്രേഷനിലും ഇപ്പോഴും അലി അക്ബര്‍ എന്ന പേര് തന്നെയാണെന്നും അതുകൊണ്ടാണ് നിര്‍മാതാവിന്റെ പേര് മാറ്റാന്‍ കഴിയാത്തതെന്നുമാണ് പറഞ്ഞത്.
1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയാണ് സിനിമ പറയുന്നത്.
നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായെത്തുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ എഡിറ്റിംഗും, സ്റ്റണ്ടും, ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും രാമസിംഹന്‍ തന്നെയാണ്. ഹരി വേണുഗോപാല്‍, ജഗത്ലാല്‍ ചന്ദ്രശേഖര്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ആഷിക് അബു ചിത്രം ഉപേക്ഷിച്ചിരുന്നു.