തിരുവനന്തപുരം: ബി.ജെ.പി അംഗത്വം രാജിവെച്ചാലും മോദിയെ വിട്ടുള്ള കളിയില്ലെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ഹിന്ദു സന്യാസിമാര്‍ക്കൊപ്പം നരേന്ദ്ര മോദി പാര്‍ലമെന്റിലേക്ക് ചെങ്കോലുമായി വരുന്ന ചിത്രം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചാണ് സംവിധായകന്‍ തന്റെ നിലപാടറിയിച്ചത്.
ഇന്നലെയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച വിവരം പുറംലോകത്തെ അറിയിച്ചത്. എന്നാല്‍ ഇന്ന് ‘മോദിയെ വിട്ടുള്ള കളിയില്ല.. അങ്ങിനെ ആരും ധരിക്കയും വേണ്ട’ എന്നാണ് രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിന് താഴെ ഇങ്ങനെ ചിന്തിച്ചാല്‍ മാത്രം പോരാ, താങ്കള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, ഹൈന്ദവ ഏകീകരണം അതല്ലാതെ മറ്റു വഴികളില്ല, അതിന് വേണ്ടി പോരാടാമെന്നും രാമസിംഹന്‍ മറുപടി നല്‍കിയിട്ടുണ്ട്.
ബി.ജെ.പി വിടാനുള്ള കാരണം തേടി വിളിച്ച മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ക്കൊന്നും മറുപടി നല്‍കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജി വെച്ചിട്ട് കുറച്ചു ദിവസമായെന്നും ഇപ്പോള്‍ പുറത്തു വന്നെന്നേയുള്ളൂ എന്നും രാമസിംഹന്‍ വ്യക്തമാക്കി.
രാമസിംഹന്‍ അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
‘ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല. പഠിച്ച ധര്‍മ്മത്തോടൊപ്പം ചലിക്കുക. അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.
ഇന്ന് രാവിലെ മുതല്‍ പത്രക്കാര്‍ വിളിക്കുന്നുണ്ട് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും ഇല്ല.. രാജി വെച്ചിട്ട് കുറച്ചു ദിവസമായി.. ഇപ്പോള്‍ പുറത്തു വന്നു അത്രേയുള്ളൂ.
ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്. അതുകൊണ്ട് കെട്ടഴിച്ചു മാറ്റി, അത്രേയുള്ളൂ… കലഹിക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കലഹിക്കാലോ. സസ്‌നേഹം രാമസിംഹന്‍, ഹരി ഓം’
ബി.ജെ.പി കലാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലി അക്ബര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തുക്കളല്ല കലാകാരന്മാരെന്നും, അവരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ബി.ജെ.പിക്ക് ഉണ്ടാകണമെന്നും അലി അക്ബര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
‘പണ്ട് പണ്ട് (ചിരി) കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്കുവെക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രന്‍…. എല്ലാത്തില്‍ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെ മാത്രം, ധര്‍മ്മത്തോടൊപ്പം.. ഹരി ഓം,’ രാമസിംഹന്‍ അബൂബക്കര്‍ കുറിച്ചു.