| Saturday, 1st April 2023, 7:54 am

സവര്‍ക്കറുടെ കഥ സിനിമയാക്കാന്‍ രാമസിംഹന്‍; 'ഷൂ തരാന്‍ ബാറ്റാ കമ്പനി റെഡി'യെന്ന് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ രാമസിംഹന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ കഥ പറയുന്ന സിനിമ താന്‍ ചെയ്യുന്നതിനെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

പോസ്റ്റിന് താഴെ രാമസിംഹനെയും സവര്‍ക്കറെയും വിമര്‍ശിച്ച് കൊണ്ടും ട്രോളികൊണ്ടും നിരവധിയാളുകളാണ് വന്നിരിക്കുന്നത്. ‘ഞാന്‍ വീര്‍ സവര്‍ക്കറിനെ കുറിച്ചൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ആരൊക്കെ കൂടെയുണ്ടാകും,’ രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘താങ്കളുടെ സിനിമകള്‍ക്ക് കേരളത്തില്‍ വിജയ സാധ്യത വളരെ വളരെ കുറവാണ് കാരണം മതേതര ചിന്താഗതിക്കാരുടെ വാസസ്ഥലമാണ് കേരളം. താങ്കളെ പോലെ ചുരുക്കം ചിലരൊഴിച്ചാല്‍ മഹാ ഭൂരിപക്ഷവും വര്‍ഗീയ ചിന്തകളുള്ളവരല്ല എന്ന് സാരം’ ‘ഞാനുണ്ട് കൂടെ, കാരണം സങ്കികളെ പറ്റിച്ച് ജീവിക്കുന്ന നിങ്ങ പൊളിയാണ്’

‘ബാറ്റ കമ്പനി കൂടെയുണ്ടാവും, സവര്‍ക്കറില്‍ നിന്നും ഇന്‍സ്പയര്‍ ആയാണ് അവരുടെ പല ഷൂ പോളിഷിങ് ഉല്‍പന്നങ്ങളും ഇറക്കിയതെന്ന് കേട്ടിട്ടുണ്ട്’ ‘അതൊക്കെ അറിയാവുന്നവര്‍ ചെയ്യുന്നുണ്ട്. അത്രക്ക് ആഗ്രഹം ആണേല്‍ ഷോര്‍ട്ട് ഫിലിം ചെയ്ത് യൂട്യൂബില്‍ ഇട്. നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിക്കേണ്ട’ തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അദ്ദേഹത്തെ അനുകൂലിച്ചും ചിലര്‍ കമന്റുകളിടുന്നുണ്ട്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയെന്ന പേരില്‍ പുറത്തിറങ്ങിയ പുഴമുതല്‍ പുഴവരെയാണ് രാമസിംഹന്റെ അവസാന സിനിമ. സിനിമക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

content highlight: ramasimhan aboobaker new facebook post, trolls

We use cookies to give you the best possible experience. Learn more