പുഴ മുതല്‍ പുഴ വരെയെന്ന സിനിമ സാമ്പത്തികമായി വിജയമായിരുന്നു എന്ന് സംവിധായകനും സംഘപരിവാര്‍ അനുഭാവിയുമായ രാമസിംഹന്‍ അബൂബക്കര്‍. സിനിമയുമായി ബന്ധപ്പെട്ട ബിസിനസ് ഇനിയും ബാക്കി കിടക്കുകയാണെന്നും ഹിന്ദിയും ഒ.ടി.ടിയും കൂടി കഴിഞ്ഞാല്‍ സാമ്പത്തികമായി കുറച്ചുകൂടെ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങായതിനാല്‍ വ്യക്തിപരമായി തനിക്കതില്‍ നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം 24ന്യൂസിന്റെ ജനകീയ കോടതി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
‘പുഴ മുതല്‍ പുഴ വരെ 106 തിയേറ്ററുകളില്‍ കളിച്ചു. സാമ്പത്തികമായി നഷ്ടമുണ്ടായിട്ടില്ല. നഷ്ടം വരികയുമില്ല. കാരണം ഇനിയും ബിസിനസ് ബാക്കി കിടക്കുകയാണ്. ബ്രേക്ക് ഈവനായിട്ടില്ല. ബ്രേക്ക് ഈവനാകണമെങ്കില്‍ ഹിന്ദിയും ഒ.ടി.ടി റിലീസും നടക്കണം. ഒന്നരക്കോടി രൂപയാണ് സിനിമക്ക് ചെലവായത്. 106 തിയേറ്ററുകള്‍ കൊണ്ട് ഒന്നരക്കോടിയൊന്നും കവര്‍ ചെയ്യില്ല. കാരണം, നൂറ് കോടി ക്ലബ് എന്ന് പറഞ്ഞാല്‍ 40 ശതമാനം വിനോദനികുതിയും 18 ശതമാനം ജി.എസ്.ടിയും കഴിഞ്ഞ് 25 ലക്ഷം രൂപയേ നിര്‍മാതാവിന് കിട്ടുകയൊള്ളൂ.
എനിക്ക് പക്ഷെ നഷ്ടം വരാനില്ല. കാരണം ക്രൗഡ് ഫണ്ടിങ്ങാണ്. ഇതൊരു ലക്ഷ്യമുള്ള, ടാര്‍ജറ്റുള്ള സിനിമയാണ്. 80 കോടി രൂപ ബജറ്റില്‍ വാരിയംകുന്നനെ മഹത്വവത്കരിക്കാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ അതിനെതിരെ ഇറക്കിയിട്ടുള്ള സിനിമയാണിത്.
പുഴ മുതല്‍ പുഴ വരെ എന്ന സിനിമക്ക് എത്ര രൂപ പിരിഞ്ഞുകിട്ടി എന്നെനിക്ക് കൃത്യമായി പറയാന്‍ പറ്റില്ല. ഇപ്പോഴും പണം വന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു കോടി അറുപത് ലക്ഷം രൂപക്കടുത്താണ് ഏകദേശം പിരിഞ്ഞുകിട്ടിയിട്ടുള്ളത്. അതില്‍ തിരിച്ച് കൊടുക്കേണ്ടതായിട്ടുള്ള കുറച്ചു കടങ്ങളമുണ്ട്. അതിനെല്ലാം കൃത്യമായ കണക്കുണ്ട്. ബാങ്ക് വഴിയാണ് ഇടപാടുകളെല്ലാം നടന്ന്. ക്രൗഡ് ഫണ്ടിങ് ആണെങ്കിലും ജി.എസ്.ടി രജിസ്‌ട്രേഷനും ഓഡിറ്ററമുണ്ട്.
മൂന്ന് ഘട്ടമുണ്ട് ആ സിനിമക്ക്. അടുത്ത ഘട്ടം ഹിന്ദി റിലീസാണ്. അതു കഴിഞ്ഞ് ഒ.ടി.ടി റിലീസാണ്. അത് കഴിഞ്ഞാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയുണ്ട്, ആ കമ്മിറ്റിയില്‍ കണക്കുകള്‍ ബോധ്യപ്പെടുത്തും. ഇപ്പോഴും കണക്ക് അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്റെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് എന്റെ കൂടെ ആ സിനിമക്കൊപ്പം നിന്നിട്ടുണ്ട്. കൊവിഡിന്റെ കാലത്താണ് ഞാന്‍ ആഹ്വാനം നടത്തിയിട്ടുള്ളത്. പത്തും നൂറും ഇരുന്നൂറുമായിട്ടാണ് അതിലേക്ക് വന്നിട്ടുള്ളത്. ബി.ജെ.പിയും സംഘപരിവാര്‍ സംഘടനയും ഒദ്യോഗികമായി ആ സിനിമക്കൊപ്പം നിന്നിട്ടില്ല. അവര്‍ക്കൊന്നും സിനിമ ചെയ്യാനോ സിനിമ നിര്‍മിക്കാനോ ഉള്ള അവകാശമില്ല,’രാമസിംഹന്‍ പറഞ്ഞു.
content highlights: Ramasimhan aboobacker about puzha muthal puzha vare movie