| Monday, 12th June 2023, 2:17 pm

ബാംബുബോയ്‌സിലെ ആദിവാസി വിരുദ്ധ സീനുകളില്‍ ഒരു കുറ്റബോധവുമില്ല; ന്യായീകരിച്ച് രാമസിംഹന്‍ അബൂബക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാംബു ബോയ്‌സ് സിനിമയിലെ ആദിവാസി വിരുദ്ധ സീനുകളില്‍ ഒരു കുറ്റബോധവുമില്ലെന്ന് സംവിധായകനും ബി.ജെ.പി നേതാവുമായ രാമസിംഹന്‍ അബൂബക്കര്‍. പണിയ വിഭാഗത്തിലുള്ളവരെയോ കുറിച്യ വിഭാഗത്തിലുള്ളവരെയോ അല്ല ആ സിനിമയില്‍ കാണിച്ചിട്ടുള്ളതെന്നും സാങ്കല്‍പിക കഥയാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിന്റെ ജനകീയ കോടതി എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികളെ കുറിച്ച് എടുത്ത സിനിമയാണെങ്കിലല്ലേ താന്‍ ഖേദം പ്രകടിപ്പിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം ചോദിച്ചു. ഈ സിനിമ കണ്ട് ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന വയനാട്ടില്‍ നിന്നുള്ള ഗാനരചയിതാവും ഗോത്ര കലാകാരനുമായ വിനു കിടച്ചൂളന്റെ പരാമര്‍ശത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങല്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ എന്റെ സുഹൃത്തുക്കള്‍ ആന്തമാന്‍ ദ്വീപിലേക്ക് ഒരു യാത്ര പോയിരുന്നു. അവര്‍ തിരിച്ചു വന്നപ്പോള്‍ പറഞ്ഞ കഥയില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. അവിടെ ഇപ്പോഴും പുറം ലോകം കാണാത്ത വിഭാഗങ്ങളുണ്ട്. മനുഷ്യര്‍ക്ക് കടന്നുചെല്ലാനാകാത്ത ഇടങ്ങളുണ്ട്. അതില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്. അതില്‍ പണിയരെയോ കുറമ്പരെയോ അല്ല കാണിച്ചിരിക്കുന്നത്. ഇത് സാങ്കല്‍പിക കഥയാണ് എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരുവിഭാഗത്തിനെയും ഞാന്‍ മോശമായി കാണിച്ചിട്ടില്ല.

അറിവ് കേട് കൊണ്ട് അബദ്ധത്തില്‍ ചാടിയ മനുഷ്യനാണ് ഞാനും. ഹോട്ടലില്‍ തൈരും പായസവും തന്നാല്‍ അബദ്ധത്തില്‍ തൈര് കഴിച്ച ആളാണ് ഞാന്‍. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. അത്തരത്തില്‍, ജീവിതത്തില്‍ ഒരിക്കലും കാണാത്ത ഒരു വിഭാഗം, സോപ്പ് കാണാത്ത ഒരാള്‍, നല്ല മണമുള്ള സോപ്പ് കഴിച്ചുനോക്കിയതില്‍ എന്താണ് ബുദ്ധിമുട്ട്. ആദിവാസികളെ കുറിച്ചെടുത്തതാണെങ്കിലല്ലേ ഞാന്‍ ഖേദം പ്രകടിപ്പിക്കേണ്ടതുള്ളൂ. ആ സീനുകളില്‍ എനിക്ക് ഒരു കുറ്റബോധവുമില്ല’ രാമസിംഹന്‍ അബൂബക്കര്‍ പറഞ്ഞു.

ഒരു ആദിവാസിക്ക് ഈ സിനിമകണ്ട് ആത്മഹത്യ ചെയ്യാന്‍ തോന്നിയെങ്കില്‍ അതിനെ കുറിച്ച് ആലോചിക്കേണ്ടത് ഈ സിനിമക്ക് സെന്‍സര്‍ തന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അവതാരകന്റെ ചോദ്യം കേട്ട് തനിക്ക് ആത്ഹമത്യ ചെയ്യാന്‍ തോന്നിയെന്നും രാമസിംഹന്‍ പറഞ്ഞു.

CONTENT HIGHLIGHTS; Ramasimhan aboobacker about bamboo boys

We use cookies to give you the best possible experience. Learn more