ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വ്യവസായവത്കരണം; സഹായം തേടി ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമാഫോസ, ബ്രിക്സിൽ
World News
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വ്യവസായവത്കരണം; സഹായം തേടി ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമാഫോസ, ബ്രിക്സിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2024, 11:49 am

കേപ് ടൗൺ: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ വ്യാവസായികവൽക്കരണ ശ്രമങ്ങളെ ഉയർത്തുന്നതിനായി സഹായം നൽകണമെന്ന് ബ്രിക്‌സ് പങ്കാളികളോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമാഫോസ. ആഫ്രിക്കയുടെ വ്യാവസായികവൽക്കരണ ശ്രമങ്ങളെ, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പിന്തുണയ്ക്കാൻ സിറിൽ റമാഫോസ ബ്രിക്‌സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ഞായറാഴ്ച, റഷ്യയിലെ കസാനിൽ വെച്ച് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി സംസാരിച്ച റമഫോസ, ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് ഏരിയയിലൂടെ വ്യാപാരം, നിക്ഷേപം, എന്നിവക്ക് പ്രാധാന്യം നൽകുമെന്നും അത് വഴി ഭൂഖണ്ഡത്തിലുടനീളം വ്യാവസായിക വളർച്ച ഉണ്ടാകുമെന്നും പറഞ്ഞു. അതിനായി ബ്രിക്സ് അംഗങ്ങളുടെ വ്യാപാര സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

‘ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് ഏരിയയുടെ വിജയത്തിന് അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ നിക്ഷേപം ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

ഭൂഖണ്ഡത്തെ വ്യാവസായികവൽക്കരിക്കുന്നതിനും അതിൻ്റെ ആഗോള വ്യാപാരം വികസിപ്പിക്കുന്നതിന് പ്രാപ്തമാക്കുന്നതിനും റോഡുകൾ, തുറമുഖങ്ങൾ, റെയിൽവേ, ഊർജ സംവിധാനങ്ങൾ, ടെലി കമ്മ്യൂണിക്കേഷൻ ശൃംഖലകൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ ആഫ്രിക്കൻ രാഷ്ട്രങ്ങളുമായി പങ്കാളികളാകാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് ബ്രിക്‌സ് രാജ്യങ്ങളെ ക്ഷണിച്ചു.

ആഫ്രിക്ക വളർച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ നിക്ഷേപത്തിലൂടെ മാത്രമേ ഈ സാധ്യതകൾ സാക്ഷാത്കരിക്കാനാകൂ എന്നും റമാഫോസ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട ബിസിനസുകൾക്കും പിന്തുണയുടെ ആവശ്യകത ഉണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ സ്വതന്ത്ര വ്യാപാര മേഖലയായ ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് ഏരിയ ആഫ്രിക്കൻ കോണ്ടിനെൻ്റൽ ഫ്രീ ട്രേഡ് കരാറിലൂടെ 2018 ലാണ് നിർമിച്ചത്.

Content Highlight: Ramaphosa urges BRICS partners to invest in Africa’s industrialization