| Wednesday, 19th April 2017, 2:54 pm

രാമന്തളിയിലെ കിണറുകളിലെത്തുന്നത് ഏഴിമല നാവിക അക്കാദമിയിലെ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം; കുടിവെള്ളം കാക്കാന്‍ 50 ദിവസങ്ങളായി ഒരു നാടൊന്നാകെ സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏഴിമല: വേനല്‍ കാലമായാല്‍ സാധാരണയായി കിണറുകളിലെ വെള്ളം വറ്റാറാണ് പതിവ്. എന്നാല്‍ രാമന്തളിയിലെ കിണറുകളില്‍ ഈ വേനലില്‍ വെള്ളം വറ്റിയില്ല. എന്നാല്‍ അന്ന് മുതല്‍ തന്നെ രാമന്തളിക്കാരുടെ മനസില്‍ ആശങ്കയുടെ വിത്തുകള്‍ പൊട്ടി മുളച്ചു. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെട്ടതോടെ തങ്ങളുടെ ആശങ്ക അസ്ഥാനത്തല്ലായിരുന്നുവെന്ന് നാട്ടുകാര്‍ക്ക് തീര്‍ച്ചയായി.

ഇന്ന് ഈ നാട് സമരത്തിലാണ്. ശുദ്ധജലം എന്ന അടിസ്ഥാന ആവശ്യം നിഷേധിക്കപ്പെടുന്നതിനെതിരെയാണ് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ രാമന്തളിക്കാര്‍ സമരമുഖത്തേക്ക് ഇറങ്ങിയത്. ഇവിടത്തെ കിണറുകളില്‍ നിന്നുള്ള വെള്ളം കണ്ണൂരിലെ ക്വാളിറ്റി കണ്‍ട്രോള്‍ റീജിയണല്‍ ലാബറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉണ്ടാകാനേ പാടില്ല എന്നിരിക്കെ രാമന്തളിക്കാരുടെ കുടിവെള്ളത്തില്‍ ഉള്ള കോളിഫോം ബാക്ടീരിയയുടെ അളവ് 1100+ cfu ആണ്.

രാജ്യത്തിന്റെ തന്നെ അഭിമാനമാണ് ഏഴിമല നാവിക അക്കാദമി. 25,00 ഏക്കറോളം സ്ഥലത്ത് തലയുയര്‍ത്തിനില്‍ക്കുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് പക്ഷേ ചുറ്റുമതിലിനോട് ചേര്‍ന്നാണ്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇവിടെ പേരിന് പോലും ഉണ്ടോ എന്ന് സംശയമാണ്. കാരണം, പ്ലാന്റില്‍ നിന്നുള്ള കക്കൂസ് മാലിന്യം പ്രദേശത്തെ കിണറുകളിലേക്കാണ് ഒഴുകിയിറങ്ങുന്നത്.

പ്ലാന്റിന്റെ നിര്‍മ്മാണ സമയത്ത് തന്നെ പഞ്ചായത്ത് മുഖേനെ നാട്ടുകാര്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ നാവിക ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ മാലിന്യസംസ്‌കരണമാണ് പ്ലാന്റില്‍ നടക്കുക എന്നും ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഉദ്യോഗസ്ഥര്‍ അന്ന് നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പ്.

വേറെ ഗതിയില്ലാതെയാണ് നാട്ടുകാര്‍ പ്ലാന്റിനെതിരെ തിരിഞ്ഞത്. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും നടപടികളൊന്നും തന്നെയുണ്ടായില്ല. ഇതോടെയാണ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ മറന്ന് സമരവുമായി തെരുവിലിറങ്ങിയത്. ജനാരോഗ്യ സംരക്ഷമ സമിതി എന്ന പേരിലുള്ള കൂട്ടായ്മയാണ് സമരം നയിക്കുന്നത്.


Also Read: ഇന്ത്യയുടെ മതേതര മുഖം പിച്ചിച്ചീന്തിയവര്‍ക്കുള്ള കനത്ത താക്കീതും ഓര്‍മപ്പെടുത്തലുമാണ് ഈ വിധി; ബാബറി വിധിയെ കുറിച്ച് ചെന്നിത്തല


മികച്ച പിന്തണയാണ് വിവിധ കോണുകളില്‍ നിന്ന് സമരത്തിന് ലഭിക്കുന്നത്. എല്ലാ പാര്‍ട്ടിയിലേയും പ്രമുഖ നേതാക്കള്‍ ഇവരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി തുടങ്ങിയ എല്ലാ കക്ഷിയില്‍ പെട്ടവരും എത്തി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

എല്ലാ പാര്‍ട്ടിയിലുള്ളവരും ജനകീയ സമര വേദിയിലെത്തിയപ്പോള്‍ സി.പി.ഐ.എമ്മിന്റെ നേതാക്കള്‍ എത്തിയത് അടുത്ത് തന്നെയുള്ള മറ്റൊരു സമര പന്തലിലാണ്. ജനകീയ സമരത്തിനിടെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ മറ്റൊരു സമരപ്പന്തലും രാമന്തളിയില്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലത്തിലെത്തിയപ്പോള്‍ പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ സമിതി ഒരു മാസം പഠനത്തിനായി ഒരുമാസത്തെ സമയം  ചോദിക്കുകയാണ് ചെയ്തത്. അതേ സമയം സമിതി രൂപീകരിച്ചപ്പോള്‍ തന്നെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ശുദ്ധജലമെന്ന മൗലികാവകാശത്തിനായുള്ള സമരത്തില്‍ രാമന്തളിക്കാര്‍ ഉറച്ച് നിന്നു.


Don”t Miss: ഇനി എല്ലാം കാഷ്‌ലെസ് ആയി നടത്തൂ; നവവധുക്കള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കി അനുഗ്രഹിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍


വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിക്കുന്നില്ലെങ്കിലും കഴിഞ്ഞ 25 ദിവസമായി ഇവിടെ നടക്കുന്നത് നിരാഹാര സമരമാണ്. ഇപ്പോള്‍ നിരാഹാരമിരിക്കുന്നത് നാലാമത്തെയാളാണ്. മുന്‍പ് നിരാഹാരമിരുന്നവരുടെയെല്ലാം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തിന്റെ 50-ആം ദിവസമായിരുന്നു ഇന്നലെ (19/04/2017).

സ്‌ക്രോള്‍ (Scroll.in) ഉള്‍പ്പെടെയുള്ള ചില ദേശീയ മാധ്യമങ്ങള്‍ ഈ സമരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 50-ആം ദിനത്തിലും തങ്ങളുടെ തികച്ചും ന്യായമായ ആവശ്യത്തിന് അധികൃതര്‍ പുല്ലുവില കല്‍പ്പിക്കാതിരുന്നപ്പോള്‍ സമരക്കാര്‍ റോഡ് ഉപരോധിച്ചു. അതിനെ എങ്ങനെയാണ് ഭരണകൂടം നേരിട്ടതെന്ന് ഇവിടെ വായിക്കാം: കുടിവെള്ളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചു; അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു


രാമന്തളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിപിന്‍ നാരായണന്‍ വരച്ച ചിത്രങ്ങള്‍:


Don”t Miss: ഓസ്‌ട്രേലിയയും സ്വദേശിവല്‍ക്കരണത്തിലേക്ക്; വിദേശ പൗരന്‍മാര്‍ക്കുള്ള തൊഴില്‍ വിസ നിര്‍ത്തലാക്കുന്നു; പ്രധാനമായും ബാധിക്കുക ഇന്ത്യക്കാരെ



Also Read: ‘ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനാകുന്നത്?’; മോഹന്‍ലാലിനെ വിമര്‍ശിച്ച ‘ദേശ്‌ദ്രോഹി’ സംവിധായകന് സമൂഹമാധ്യമങ്ങളില്‍ തെറിയഭിഷേകം


We use cookies to give you the best possible experience. Learn more