ഏഴിമല: നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് മാറ്റിസ്ഥാപിച്ച് തങ്ങളുടെ കുടിവെള്ളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം 50 ദിവസങ്ങള്‍ കടന്നു. സമരത്തിന്റെ 50-ആം ദിനമായ ഇന്നലെ, സമരത്തിന് നേതൃത്വം നല്‍കുന്ന ജനാരോഗ്യ സംരക്ഷണ സമിതി റോഡ് ഉപരോധിച്ചു. ഉപരോധത്തില്‍ ഏര്‍പ്പെട്ടവരെ പലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
പ്രായമായവരും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ റോഡ് ഉപരോധത്തില്‍ ഏര്‍പ്പെട്ടിരുന്നു. റോഡ് ഉപരോധിച്ച 24 സ്ത്രീകള്‍ ഉള്‍പ്പെടെ 54 പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രായമായവരെയും സ്ത്രീകളേയും പൊലീസ് വലിച്ചിഴച്ച ശേഷം പൊലീസ് വാഹനത്തില്‍ കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും സമരക്കാര്‍ ആരോപിക്കുന്നു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാമന്തളി പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് യുഡിഎഫ്, ബിജെപി, സിപിഐഎംഎല്‍ (റെഡ് സ്റ്റാര്‍) എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ പ്രകടനം നടത്തിയ നാട്ടുകാര്‍ ശങ്കരനാരായണ ക്ഷേത്രപരിസരത്തെ റോഡ് ഉപരോധിക്കുകയും ചെയ്തു.
കെ.സി നാരായണ പൊതുവാളാണ് ഇന്നലത്തെ സമരം ഉദ്ഘാടനം ചെയ്തത്. നൂറുകണക്കിന് സ്ത്രീകളുണ്ടായിരുന്ന സമരരംഗത്തെത്തിയത് രണ്ട് വനിത പൊലീസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വനിതകളെ തൊടാന്‍ പുരുഷ പൊലീസിനെ അനുവദിക്കില്ലെന്ന് സ്ത്രീകള്‍ അറിയിച്ചതോടെ പൊലീസ് കുഴങ്ങി.
ഇതിനിടെ ഒരു പ്രവര്‍ത്തകയുടെ കഴുത്തില്‍ വനിത പൊലീസ് പിടിച്ചുവെന്ന് ആരോപിച്ച് പൊലീസ് വാഹനത്തില്‍ കയറിയവര്‍ തിരിച്ചിറങ്ങി. തുടര്‍ന്ന് കൂടുതല്‍ പലീസ് എത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെല്ലാം സ്റ്റേഷന്‍ ജാമ്യം നല്‍കിയെങ്കിലും സമരസമിതിയുടെ അഞ്ച് നേതാക്കളെ കേസില്‍ പ്രതി ചേര്‍ത്തു. എന്നാല്‍ ഇത് മുന്‍പ് എപ്പോഴോ നാവിക ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ കേസിലായിരുന്നു. ഇതോടെ ജാമ്യം ലഭിച്ചവര്‍ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല.
കെ.പി.രാജേന്ദ്രകുമാര്‍ (50), വിനോദ് കുമാര്‍ രാമന്തളി (48), സുനില്‍ രാമന്തളി (41), കെ.ടി.രതീഷ് (39),
കെ.എം. അരുണ്‍ ബാബു (30) എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയത്. ഇവരെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. ഇവരെ ഇന്നത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തതോടെയാണ് ജാമ്യം ലഭിച്ചവര്‍ സ്‌റ്റേഷനില്‍ നിന്ന് തിരിച്ച് പോയത്.