കണ്ണൂര്‍: എതിരെ നില്‍ക്കുന്നവര്‍ ആരായാലും ഒറ്റക്കെട്ടായി നിന്നാല്‍ വിജയം കൂടെ വരും. ഇത് തെളിയിച്ചിരിക്കുകയാണ് കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയ്ക്ക് സമീപമുള്ള രാമന്തളി എന്ന ഗ്രാമത്തിലെ ആളുകള്‍. തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങള്‍ മറന്ന് കുടിവെള്ളം സംരക്ഷിക്കുക എന്ന ഒറ്റ ആവശ്യത്തിനായി അണി നിരന്നപ്പോള്‍ വിജയത്തിന് വഴി മാറിപ്പോകാന്‍ കഴിയുമായിരുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പക്ഷേ വേണ്ടത്ര പ്രാധാന്യം ഈ ഐതിഹാസിക സമരത്തിന് നല്‍കിയിരുന്നില്ല.
നാവിക അധികൃതരും സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിരപ്പിക്കാന്‍ തീരുമാനിച്ചത്. സമരസമിതി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളെല്ലാം നാവിക അക്കാദമി അംഗീകരിച്ചു. ഇതോടെയാണ് ജന ആരോഗ്യ സംരക്ഷണ സമിതി സമരം അവസാനിപ്പിച്ചത്.
ഇതോടനുബന്ധിച്ച് നടന്ന നിരാഹാരസമരവും അവസാനിപ്പിച്ചിട്ടുണ്ട്. സമരപ്പന്തലില്‍ നിരാഹാര സമരം നടത്തിവന്ന കെ.പി പരമേശ്വരിക്ക് കെ.പി.സി നാരായണ പൊതുവാള്‍ നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. ചടങ്ങില്‍ സതീശന്‍ പാച്ചേനി, കെ രഞ്ജിത്ത്, സത്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
മിനിഞ്ഞാന്നും ഇന്നലെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം വിജയിച്ചത്. നേവല്‍ അക്കാദമി കമാന്‍ഡന്റ് എസ്. വി ബുഖാരയാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്.
സമരസമിതി മുന്നോട്ട് വെച്ച ഡീ സെന്‍ട്രെലൈസേഷന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ നേവല്‍ അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറായി. നിലവിലെ മാലിന്യ പ്ലാന്റില്‍ എത്തുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന ഡീ സെന്‍ട്രെലൈസേഷന്‍ പ്രവൃത്തി ആറു മുതല്‍ 8 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
മാലിന്യ വികേന്ദ്രീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ നിലവിലെ പ്ലാന്റിന്റെ പൈപ്പ് ലൈനില്‍ ലീക്കേജ് തടയുവാന്‍ നവീകരണ പ്രവൃത്തികള്‍ നടത്തും. അകാദമിയുടെ രണ്ടാം ഘട്ട വികസന പ്രവൃത്തിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറി കടലിനോട് ചേര്‍ന്ന് സ്ഥാപിക്കാനും തീരുമാനമായി.
അതിനിടയില്‍ ചൊവ്വാഴ്ച വൈകുന്നേരം സമരപന്തലില്‍ എത്തി സമരക്കാരുമായി നാവിക അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്നോക്കം പോയത് പ്രതിഷേധത്തിന് കാരണമായി. ഇതേ തുടര്‍ന്ന് ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അക്കാദമി രാമന്തളി ഗെയിറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗെയിറ്റ് ഉപരോധിച്ചു.
ഈ സമയത്ത് ബി ജെ പി നേതൃത്വത്തിന്റെ ഇടപെടലും നിര്‍ണ്ണായകമായി. ഡല്‍ഹിയിലുള്ള ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പ്രതിരോധ മന്ത്രിയുടെ ഓഫീസില്‍ നിന്നും നടത്തിയ ഇടപെടലും പ്രശ്ന പരിഹാരത്തിന് ആക്കം കൂട്ടി.
സമരം അവസാനിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമര പ്രവര്‍ത്തകര്‍ രാമന്തളി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.
ഇപ്പോള്‍ നേവല്‍ അക്കാദമിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കാനും ഈ പൊതുഐക്യം വളരെ അത്യാവശ്യമാണെന്ന് ജന ആരോഗ്യ സംരക്ഷണ സമിതി പ്രതികരിച്ചു. അതിന് എല്ലാ സംഘടനകളുടേയും പിന്തുണ ഈ സമരസമിക്ക് ഇനിയും ഉണ്ടാകേണ്ടതുണ്ട്.
അതു കൊണ്ട് ഈ സമരത്തിന്റെ പിതൃത്വം ദയവു ചെയ്ത് ഒരു ജാതി-മത-രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുക്കരുതെന്നും അത് പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന ജന ആരോഗ്യ സംരക്ഷണ സമിതിക്ക് മാത്രം ഉള്ളതാണെന്നും അവര്‍ അറിയിച്ചു. സമരത്തോട് സഹകരിച്ച എല്ലാവര്‍ക്കും ജന ആരോഗ്യ സംരക്ഷണ സമിതി നന്ദി അറിയിച്ചു.