എന്റെ പേര് വെട്ടിയത് ചെന്നിത്തലയാണ് എന്ന് വ്യക്തം: രമണി പി. നായര്‍
Kerala News
എന്റെ പേര് വെട്ടിയത് ചെന്നിത്തലയാണ് എന്ന് വ്യക്തം: രമണി പി. നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th March 2021, 9:12 am

തിരുവനന്തപുരം: തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് കെ.പി.സി.സി സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ച രമണി പി. നായര്‍. വാര്‍ഡുതലം മുതല്‍ സംസ്ഥാന തലം വരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവെക്കുമെന്നും രമണി പ്രഖ്യാപിച്ചു.

തന്റെ പേര് പട്ടികയില്‍ നിന്നും വെട്ടിയത് രമേശ് ചെന്നിത്തലയാണെന്നും രമണി പി. നായര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറങ്ങണോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെയായിരുന്നു രമണി പി. നായരുടെ രാജി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ലതികാ സുഭാഷും രാജിവെച്ചിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്. ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും ഏറ്റുമാനൂരില്‍ സ്വതന്ത്രമായി മത്സരിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20 ശതമാനം ലഭിച്ചില്ലെങ്കിലും ഒരു ജില്ലയില്‍ നിന്ന് ഒരാള്‍ എന്ന നിലയില്‍ 14 പേര്‍ എങ്കിലും നിര്‍ത്താമായിരുന്നു.

നിരവധി സ്ത്രീകള്‍ കാലങ്ങളായി മഹിളാ കോണ്‍ഗ്രസിന് വേണ്ടി പണിയെടുക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് മുന്‍ സെക്രട്ടറി രമണി പി നായരുള്‍പ്പെടെയുള്ളവര്‍ തഴയപ്പെട്ടിട്ടുണ്ട്. അന്‍സജിതയുടെ പേര് വന്നതില്‍ സന്തോഷമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.

ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മത്സരിക്കാനായി ലതികാ സുഭാഷിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ ലതികാ സുഭാഷ് ഉമ്മന്‍ ചാണ്ടിയോട് എതിര്‍പ്പ് അറിയിച്ചിരുന്നു.

എന്നാല്‍ തനിക്ക് ജയസാധ്യത ഉണ്ടായിരുന്ന മണ്ഡലത്തില്‍ നീക്കുപോക്ക് ആകാമായിരുന്നുവെന്ന് ലതികാ സുഭാഷ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്ന ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ലതികാ സുഭാഷ് നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramani P Nair against Ramesh Chennithala