| Saturday, 1st April 2023, 9:43 am

രാമനവമി സംഘര്‍ഷം; മമതക്കെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും; ബി.ജെ.പി നടത്തിയ നൂറ് കണക്കിന് കലാപങ്ങളുടെ തുടര്‍ച്ചയെന്ന് തൃണമൂല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: രാമനവമി ഘോഷയാത്രക്കിടെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളില്‍ പരസ്പരം പഴിചാരി രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ മമത സര്‍ക്കാരിന്റെ ഭരണ പരാജയത്തിന് തെളിവാണ് ബംഗാളില്‍ കണ്ടതെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മമതക്കെതിരെ തിരിഞ്ഞപ്പോള്‍ ബി.ജെ.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അക്രമത്തില്‍ തുല്യപങ്കുണ്ടെന്ന നിലപാടാണ് സി.പി.ഐ.എമ്മിനുള്ളത്.

അധികാരത്തിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് മുഹമ്മദ് സലീം പറഞ്ഞു. രാമനവമിക്കിടെയുണ്ടായ അക്രമസംഭവത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷവും കലാപമുണ്ടായ അതേസ്ഥലത്ത് തന്നെ ഇത്തവണയും അക്രമമരങ്ങേറിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. കലാപം തടയുന്നതില്‍ മമത ബാനര്‍ജി പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമനവമി ശോഭായാത്രകള്‍ പരസ്പരം പോര്‍വിളികള്‍ നടത്താനുള്ള മാര്‍ഗമായി ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഉപയോഗിക്കുകയാണെന്നും ആരാണ് മികച്ച ഹിന്ദുവെന്ന് കാണിക്കാനായി ഇരുകൂട്ടരും മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാളിലെ ഹൗറയില്‍ രാമനവമി ശോഭായാത്രക്കിടെ വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. റാലിക്കിടെ കല്ലേറുണ്ടായെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.

പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങള്‍ക്ക് തീവെക്കുകയും മസ്ജിദുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസെത്തി കലാപകാരികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹൗറയില്‍ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവങ്ങള്‍ക്ക് പിന്നാലെ അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. കലാപമുണ്ടാക്കാനായി ബി.ജെ.പി സംസ്ഥാനത്തിന് പുറത്തുനിന്ന് ഗുണ്ടകളെ ഇറക്കിയെന്നാണ് മമത ആരോപിച്ചത്.

രാമനവമി ആഘോഷത്തിനിടെ രാജ്യത്താകമാനം ബി.ജെ.പി നടത്തിയ 100 കണക്കിന് കലാപങ്ങളുടെ തുടര്‍ച്ചയാണ് ബംഗാളിലുണ്ടായതെന്നാണ് അവര്‍ പറഞ്ഞത്. തോക്കുകളും പെട്രോള്‍ ബോംബുകളും ബുള്‍ഡോസറുകളുമായാണ് അക്രമികള്‍ സംസ്ഥാനത്തെത്തിയതെന്നും മമത പറഞ്ഞിരുന്നു.

അതിനിടെ ഹൗറ കലാപത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന നില തകരാതിരിക്കാനുള്ള നടപടികള്‍ കൈകൊള്ളാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

Content Highlight: ramanavami riots , bjp and tmc alleged each other

We use cookies to give you the best possible experience. Learn more