കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിന് തൊട്ടുമുമ്പ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിന്തുടരുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. ട്വന്റി ഫോര്‍ ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകടത്തില്‍പ്പെട്ട വാഹനവും അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.27നും 4.34നും ഇടയിലാണ് സംഭവം നടന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അടുത്ത് വെച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം അപകടം ഉണ്ടായത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് അപകടത്തില്‍പ്പെട്ട ബൊലേറോയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റു വാഹനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ബൊലേറോ മൂന്നു തവണ മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നുവെന്ന ഡ്രൈവറുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടുണ്ട്.
അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയത് 15 അംഗ സംഘമാണ്.
മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു ഇവരുടെ യാത്ര. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു.
അപകടത്തെക്കുറിച്ച് ചെര്‍പ്പുളശ്ശേരി പൊലീസും അന്വേഷിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്.
കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറയുന്നു. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ramanatukara accident case; CCTV visuals out