| Monday, 21st June 2021, 12:24 pm

മൂന്ന് വാഹനങ്ങളിലായി 15 പേര്‍; രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയത് 15 അംഗ സംഘമാണ്.

മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു ഇവരുടെ യാത്ര. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു.

അപകടത്തെക്കുറിച്ച് ചെര്‍പ്പുളശ്ശേരി പൊലീസും അന്വേഷിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. അപകടം നടക്കുമ്പോള്‍  സംഭവസ്ഥലത്ത് ഇവരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്.

എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്ന് വ്യക്തമല്ല. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച ബൊലേറോ മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറയുന്നു. സിമന്റ് കയറ്റിവന്ന ലോറിയിലാണ് ബൊലേറോ ഇടിച്ചത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramanattukara Road Accident Palakkad Calicut Highway Police

Latest Stories

We use cookies to give you the best possible experience. Learn more