കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 19 ആയി.
താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തില്‍നിന്നാണ് ശിഹാബിനെ പിടിച്ചത്. ആര്‍ജുന്‍ ആയങ്കി വരുന്ന വാഹനത്തെ ടിപ്പര്‍ ലോറി ഉപയോഗിച്ച് ആക്രമിക്കാന്‍ താമരശ്ശേരി സംഘത്തില്‍ നിന്ന് ക്വട്ടേഷന്‍ കിട്ടിയതുപ്രകാരമാണ് കഴിഞ്ഞ 21-ന് പുലര്‍ച്ചെ ഇയാളും സംഘവും കരിപ്പൂരിലെത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട അര്‍ജുന്‍ ആയങ്കി കാറിന്റെ ഹെഡ്‌ലൈറ്റ് ഓഫാക്കി വളരെ വേഗത്തില്‍ പോയതോടെ ക്വട്ടേഷന്‍ സംഘത്തിന്റെ പദ്ധതി പാളി. ആയങ്കിയുടെ വാഹനത്തെ പിന്തുടര്‍ന്ന് പോയ സംഘത്തില്‍ ഉള്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടാണ് അഞ്ചു യുവാക്കള്‍ മരിച്ചത്.
ശിഹാബിന്റെ സംഘത്തില്‍പ്പെട്ട താമരശ്ശേരി കുടുക്കില്‍മാരം അരയറ്റുംചാലില്‍ അബ്ദുള്‍ നാസറിനെ അഞ്ചുദിവസം മുമ്പ് താമരശ്ശേരിയില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.