കോഴിക്കോട്: രാമനാട്ടുകര അപകടത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ സംഘത്തില്‍പ്പെട്ടവരാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഇവര്‍ക്കൊപ്പം കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നതായി സൂചന.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ വന്നവരും ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, ചേസിംഗ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം.
അമിത വേഗതയില്‍ വന്ന വാഹനം രണ്ട് തവണ കരണം മറിഞ്ഞ ശേഷമാണ് ട്രക്കിലിടിച്ചതെന്നാണ് ട്രക്ക് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റോ കണ്ടെടുത്തിട്ടില്ല. എല്ലാ കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട് എന്നാണ് ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചത്.
ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്‌കോര്‍ട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട്, അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്ന ആറു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും, ഇതിനിടെ അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവര്‍ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പൊലീസ് അനുമാനം. അതേസമയം സംഘത്തിലെ അംഗങ്ങള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍വെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.
ഈ സംഘത്തിന്റെ തലവനായിരുന്നു ഫൈസല്‍. നിരവധി കേസുകളില്‍ പ്രതിയാണ് ചരല്‍ ഫൈസല്‍ എന്നും ചെര്‍പ്പുളശ്ശേരി പൊലീസ് പറയുന്നു. വീടുകയറി ആക്രമിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു മരിച്ച താഹിര്‍ എന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് പറഞ്ഞു.
നാസര്‍ എന്നയാള്‍ക്കെതിരെയും കേസ് ഉള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും ആലോചിച്ച ശേഷം പരാതി നല്‍കുമെന്നും താഹിറിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. താഹിറും നാസറും ചരല്‍ ഫൈസലും എസ്.ഡി.പി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേസുകളില്‍ പ്രതികളായതിനു പിന്നാലെ ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് പാലക്കാട് എസ്.ഡി.പി.ഐ. ജില്ലാ നേതൃത്വം അറിയിച്ചു.
ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതാണെന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സ്ഥിരീകരണം പൊലീസിന് ലഭിച്ചിട്ടില്ല. വിമാനത്താവളത്തില്‍ പോയതാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്നാണ് താഹിറിന്റെ ബന്ധുക്കള്‍ പറയുന്നത്.
21 വയസ്സുകാരനായ താഹിറിന് നാല്‍പ്പതു ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നെന്നും വിവരമുണ്ട്. ‘റെന്റ് എ കാര്‍’ ബിസിനസ് താഹിര്‍ നടത്തിയിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഫറോക്ക് സ്‌റ്റേഷനിലെത്തി അപകടത്തില്‍ മരിച്ചവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.
കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ramanattukara Accident Gold Smuggling Police