ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ലയായി പുനർനാമകരണം ചെയ്ത് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബി.ജെ.പിയുടെ ശക്തമായ എതിർപ്പിനെ മറികടന്ന് കൊണ്ടാണ് കർണാടക സർക്കാർ ജില്ലയുടെ പേര് മാറ്റിയത്. ജനങ്ങളുടെ ആവശ്യവും ആഗ്രഹവും അനുസരിച്ചാണ് തീരുമാനമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
“രാമനഗര ബെംഗളൂരുവിന്റെ ഭാഗമാണ്. ജനങ്ങളുടെ ആവശ്യവും ആഗ്രഹവും അനുസരിച്ചാണ് ഈ തീരുമാനം. പേര് മാറുമെങ്കിലും ഭരണപരമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല,”എച്ച്.കെ. പാട്ടീൽ പറഞ്ഞു.
രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് ജില്ലയായി പുനർനാമകരണം ചെയ്യണമെന്നും രാമനഗരയെ ജില്ലാ ആസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജൂൺ 9ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നൽകിയിരുന്നു.
ചരിത്രപരമായി, ദൊഡ്ഡബല്ലാപൂർ, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, ആനേക്കൽ, ബാംഗ്ലൂർ സൗത്ത്, ബെംഗളൂരു ഈസ്റ്റ്, ഹോസ്‌കോട്ട്, രാമനഗര, മഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകൾ ബെംഗളൂരു ജില്ലയുടെ ഭാഗമാണെന്ന് നിവേദനം എടുത്തുകാട്ടി. 1986ൽ നിരവധി താലൂക്കുകൾ ബെംഗളൂരു റൂറൽ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു.
2007ൽ രാമനഗര, ചന്നപട്ടണ, മഗഡി, കനകപുര താലൂക്കുകൾ കൂട്ടിച്ചേർത്ത് രാമനഗര ആസ്ഥാനമാക്കിയാണ് രാമനഗര ജില്ല രൂപീകരിച്ചത്.
പേരുമാറ്റത്തെ ശക്തമായി എതിർത്ത മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പറഞ്ഞു. ബി.ജെ.പി-ജെ.ഡി.എസ് സഖ്യം 2028ന് ശേഷം വീണ്ടും അധികാരത്തിൽ വന്നാൽ പഴയ പേര് നിലനിർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചന്നപട്ടണ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാർ ജില്ലയുടെ പേര് മാറ്റിയത്. പേരുമാറ്റ വിഷയം മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ടയിൽ ആദ്യം ഉണ്ടായിരുന്നില്ലെങ്കിലും സംസ്ഥാന സർക്കാരിൻ്റെ അടിയന്തര പ്രാധാന്യമുള്ള വിഷയമായി അവസാനം അംഗീകരിക്കുകയായിരുന്നു.
Content Highlight: Ramanagara name changed to Bengaluru South amid opposition by BJP