ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധായകനാവുന്നു
Movie Day
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധായകനാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2012, 11:41 am

തിരുവനന്തപുരം: പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനരംഗത്തേക്ക്.  മാന്ത്രിക താക്കോല്‍ എന്ന ത്രിഡി ചിത്രത്തിലൂടെയാണ് രാമചന്ദ്രബാബു സംവധായകനായകനായി തുടക്കമിടുന്നത്.[]

ജനപ്രിയ നായകന്‍ ദിലീപാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തിയേറ്റര്‍ പ്രേക്ഷകര്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഈ ചിത്രം ത്രിമാനത്തില്‍ത്തന്നെ ആസ്വദിക്കാന്‍ കഴിയുമെന്ന് രാമചന്ദ്രബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളോളം നടത്തിയ പഠനത്തിനും തയാറെടുപ്പുകള്‍ക്കും ശേഷമാണ് ഈ ത്രീഡി ചിത്രം സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ സാങ്കേതിക വിദഗ്ധരും ചിത്രത്തില്‍ സഹകരിക്കും. ന്യൂ ടിവി വിഷ്വല്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സനല്‍ തോട്ടമാണ് മാന്ത്രിക താക്കോല്‍ നിര്‍മിക്കുന്നത്.

ഒരു മാന്ത്രികന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മാന്ത്രിക രംഗങ്ങള്‍ ചിത്രീകരിക്കുന്നത് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലാണ്. അനില്‍ മുഖത്തലയുടേതാണ് തിരക്കഥയും സംഭാഷണവും.

പൂനാഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ജോണ്‍ എബ്രഹാമിന്റെ ” വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ ” എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് രാമചന്ദ്രബാബു ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചത്. ഇതുവരെ 150ലേറെ സിനിമകളില്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്.