സുതാര്യതയാണ് കേരളത്തിന്റെ മുഖം, മതഭ്രാന്താണ് ​ഗുജറാത്തിന്റെ നെടുംതൂണ്; കേരളമാണ് ശരിയെന്ന് രാമചന്ദ്ര ​ഗുഹ
Kerala News
സുതാര്യതയാണ് കേരളത്തിന്റെ മുഖം, മതഭ്രാന്താണ് ​ഗുജറാത്തിന്റെ നെടുംതൂണ്; കേരളമാണ് ശരിയെന്ന് രാമചന്ദ്ര ​ഗുഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 3:02 pm

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി നേരിടുകയും തളയ്ക്കുകയും ചെയ്തതിലൂടെ കേരളം ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി തീർന്നിരിക്കുകയാണെന്ന് ചരിത്രകാരനായ രാമചന്ദ്ര ​ഗുഹ. ​​ഗുജറാത്ത് മോഡൽ കൊണ്ട് മറിച്ചിടാൻ ശ്രമിച്ച കേരള മോഡൽ വീണ്ടും വിജയിക്കുകയാണെന്നും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ഭൂതവും വർത്തമാനവും എന്ന കോളത്തിലെഴുതിയ ലേഖനത്തിൽ രാമചന്ദ്ര ​ഗുഹ വ്യക്തമാക്കി.

ശാസ്ത്രം, സുതാര്യത, വികേന്ദ്രീകരണം, സാമൂഹിക സമത്വം, എന്നിവയാണ് കേരളം അന്നുമിന്നും നേടിയ വിജയങ്ങളുടെ അടിസ്ഥാനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം അന്ധവിശ്വാസം, രഹസ്യാത്മകത, മതഭ്രാന്ത് എന്നിവയാണ് ​ഗുജറാത്തിന്റെ നെടുംതൂണ് എന്നും അദ്ദേഹം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതി.

വിദ്യാസമ്പന്നരായ കേരളീയർ ജീവിതത്തിൽ നല്ല ശീലങ്ങൾ പുലർത്തി അവർ സമൂഹ വ്യാപനം തടഞ്ഞു. കേരളത്തിന്റെ മികവുറ്റ ആരോ​ഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉള്ളതിനാൽ കൊവിഡ് രോ​ഗികൾക്ക് നല്ല ചികിത്സ നൽകാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

”ജാതി ലിം​ഗ വേർതിരിവുകൾ മറ്റിടങ്ങളിലേക്കാൾ കുറവായതിനാൽ എല്ലാ വിഭാ​ഗങ്ങൾക്കും ഒരേ നിലവാരമുള്ള വൈദ്യ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പറ്റി. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രവർത്തിക്കാനുള്ള മനസ്സും ഇവിടുത്തെ നേതാക്കൾക്കുണ്ട്. കേരളത്തിൽ അധികാര ഹുങ്കില്ലാത്തവരാണ് മുതിർന്ന നേതാക്കളിൽ പലരും. കേരളത്തിന്റെ നന്മകളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടിൽ നമ്മൾ മറന്നു പോയിരുന്നു. കേരളവും ഇവിടുത്തെ ജനങ്ങളും മറ്റ് ഭാ​ഗങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരെ പലതും പഠിപ്പിക്കുന്നുണ്ട്”. രാമചന്ദ്ര ​ഗുഹ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക