ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പൊടുന്നന റദ്ദാക്കിയതിനെ വിമര്‍ശിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇത് ജനാധിപത്യമല്ല, ഏകാധിപത്യമാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ ഇത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. പാര്‍ലമെന്റിനകത്തോ പുറത്തോ മതിയായ സംവാദം നടത്താന്‍ പോലും ധൈര്യമില്ലാത്ത വിഭ്രാന്തരായ, ഭരണാധികാരികളുടെ പണിയാണിത്.’ എന്നാണ് രാമചന്ദ്ര ഗുഹയുടെ വിമര്‍ശനം.
ഇന്ന് ഇത് കശ്മീരിനാണെങ്കില്‍ നാളെ മറ്റേതൊരു സംസ്ഥാനത്തിനും ഇത് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്.
‘ ഒരു ചോദ്യം: ഒരു സംസ്ഥാനത്തെ മുഴുവന്‍ അടച്ചുപൂട്ടി, മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം കസ്റ്റഡിയിലെടുത്തശേഷം ആ സംസ്ഥാനത്തേയും ജനങ്ങളേയും ബാധിക്കാവുന്ന ഒരു തീരുമാനം എടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവരുടെ കശ്മീരല്ലാതെ അടുത്തത് നമ്മുടെ കര്‍ണാടകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ? ‘ അദ്ദേഹം ചോദിക്കുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.