ന്യൂദൽഹി: കൊലപാതകികളായ ഇസ്രഈലിനെ യുദ്ധത്തിൽ സഹായിച്ചതിന് ഇന്ത്യൻ ജനത തങ്ങളുടെ സർക്കറിനെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന് എഴുത്തുകാരൻ രാമചന്ദ്ര ഗുഹ. സ്ക്രോളിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈൽ പൗരന്മാർക്ക് നേരെ പ്രത്യാക്രമണം നടത്തിയതോടെയാണ് നിലവിലെ ഫലസ്തീൻ ഇസ്രഈൽ യുദ്ധം ആരംഭിക്കുന്നത്.
അമ്പതിനായിരത്തിൽ അധികം ഫലസ്തീനികളെ ഇസ്രഈൽ സൈന്യം കൊന്നു അതിൽ 90% പേരും സാധാരണക്കാരായിരുന്നെന്നും ഗുഹ പറയുന്നു.
‘ഗസയിൽ നാശം വിതച്ചതിനു ശേഷം ഇസ്രഈൽ ഇപ്പോൾ ലെബനൻ രാജ്യത്തിന് നേരെ തീ പടർത്തുകയാണ്. ഇവിടെയും നിരപരാധികൾക്ക് നേരെയാണ് ആക്രമണം’, അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രഈൽ ഭരണകൂടവും ഹമാസും യുദ്ധ കുറ്റത്തിന് കുറ്റക്കാരാണെന്ന് വിധിച്ചിട്ടുണ്ട്. ഇതിൽ ഇസ്രഈൽ ഭരണകൂടത്തിന്റെ യുദ്ധ കുറ്റങ്ങൾ വളരെ വലുതുമാണ്.
ഇസ്രായേൽ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികം ഇന്ത്യൻ ജനത അനുസ്മരിക്കുകയും നിരപരാധികളായ ഫലസ്തീനികളുടെ മരണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോൾ ഇസ്രഈൽ ഭരണകൂടത്തിന് സഹായം നൽകിയതിൽ ഇന്ത്യൻ ഭരണകൂടത്തിനെയും പ്രതിക്കൂട്ടിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് രാമചന്ദ്ര ഗുഹ പറയുന്നു.
ഗസയിലെ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയങ്ങളെ പിന്തുണയ്ക്കാതിരിക്കുക എന്നതാണ് ഇന്ത്യൻ ഭരണകൂടം ചെയ്ത ആദ്യത്തെ തെറ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാമതായി ഇന്ത്യൻ ഭരണകൂടം ചെയ്ത വലിയ തെറ്റ് എന്നത് ഇസ്രഈലിലേക്ക് യുദ്ധത്തിനായി തൊഴിലാളികളെ അയച്ചു എന്നതാണ്.
ഇന്ത്യ ഇസ്രഈലിനെ പിന്തുണയ്ക്കുന്നതിന്റെ പ്രധാന കാരണം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ദശാബ്ദങ്ങളിൽ നീണ്ട സൗഹൃദം തന്നെയാണ്.
രണ്ടാമതൊരു പ്രത്യയശാസ്ത്രമായി അദ്ദേഹം പറയുന്നത് ഇസ്രഈൽ ആക്രമിക്കുന്നത് മുസ്‌ലിം വിഭാഗത്തെയാണ് . ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ പ്രചാരകർ ഇതിനെ പിന്തുണക്കുന്നു .
ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.
Content Highlight: Ramachandra Guha: Indians must hold our government to account for aiding Israel’s murderous Gaza war