| Friday, 14th August 2020, 1:07 pm

'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം,സുപ്രീംകോടതി സ്വയംതാഴുകയും ജനാധിപത്യത്തെ താഴ്ത്തുകയും ചെയ്തിരിക്കുന്നു; ഭൂഷണ് പിന്തുണയുമായി രാമചന്ദ്ര ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രിംകോടതിവിധിയില്‍ വിമര്‍ശനം രേഖപ്പെടുത്തി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.

ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്നാണ് കോടതി നടപടിയെ ഗുഹ വിശേഷിപ്പിച്ചത്. പ്രശാന്ത് ഭൂഷണെതിരെ എടുത്തിരിക്കുന്ന നടപടിയിലൂടെ സുപ്രീംകോടതി സ്വയം താഴുകയും ജനാധിപത്യഭരണത്തെ താഴ്ത്തുകയും ചെയ്തിരിക്കുകയാണെന്നും ഗുഹ പറഞ്ഞു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ച് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു.

സംഭവത്തില്‍ ഭൂഷണ്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിനെതിരായുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ആഗസ്റ്റ് 20 ന് ശിക്ഷയില്‍ വാദം കേള്‍ക്കും.

ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.

ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലുകളായാലും എതിരഭിപ്രായങ്ങളായാലും അപ്രിയ കാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Ramachandra Guha extends support to Prashant Bhushan

We use cookies to give you the best possible experience. Learn more