| Thursday, 19th December 2019, 11:51 am

രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിലെടുത്ത് ബെംഗളൂരു പോലീസ്; ഗാന്ധി പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെ കുറിച്ച് സംസാരിച്ചതിനുമാണ് കസ്റ്റഡിയെന്ന് ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നത്തെ പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വെച്ചതിനും ഭരണഘടനയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും പൊലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു.

30 ഓളം പ്രതിഷേധക്കാരെ പോലീസുകാര്‍ വലിച്ചിഴച്ച് ബസ്സിലേക്ക് കയറ്റുകയായിരുന്നു. പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്ന പതാക മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടുപോയതായി പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ന്യായീകരിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും മുസ്ലിംകളെ സംരക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു യെദിയൂരപ്പ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നത് തുടരുകയാണെങ്കില്‍ അവര്‍ അതിന്റെ ഫലം നേരിടേണ്ടി വരുമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെ തള്ളിക്കളഞ്ഞ് ജനം വലിയ രീതിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരമൊരു നിയമം മുസ്ലിംകളോട് വിവേചനം കാണിക്കുന്നുന്നതാണെന്നും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ ഇന്ത്യയിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

We use cookies to give you the best possible experience. Learn more