| Sunday, 16th June 2024, 4:14 pm

മോദിയെ പോലൊരു സ്വേച്ഛാധിപതിക്ക് എങ്ങനെ ജനാധിപത്യവാദിയാകാൻ കഴിയും?: രാമചന്ദ്ര ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്വേച്ഛാധിപതിയായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനാധിപത്യവാദിയാകാൻ സാധിക്കുമോയെന്ന് രാഷ്ട്രീയ ചിന്തകനായ രാമചന്ദ്ര ഗുഹ. സ്ക്രോളിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷക്കാലം മോദിയുടെ ഏകാധിപത്യമാണ് ഇന്ത്യ കണ്ടതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേവലഭൂരിപക്ഷം നേടാതിരുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ വൈവിധ്യങ്ങൾ നിറഞ്ഞ വലിയൊരു രാജ്യമാണ്. പരസ്പരസഹകരണമില്ലാതെ രാജ്യത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകില്ല. മത സൗഹാർദവും ഐക്യവും ഇന്ത്യക്ക് പ്രധാനമാണ്. എങ്കിലും പാർലമെന്റിലെ വലിയ ഭൂരിപക്ഷം ഭരണകക്ഷികൾക്കുള്ളിൽ വലിയ തോതിൽ ധാർഷ്ട്യം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇത്രയും ഭൂരിപക്ഷമുള്ളതിനാൽ തന്നെ പ്രധാനമന്ത്രി തന്റെ സ്വേച്ഛാധിപത്യം ജനങ്ങൾക്കുള്ളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിപക്ഷത്തെ പുച്ഛത്തോടെ മാത്രമായിരുന്നു അദ്ദേഹം കണ്ടത്,’ രാമചന്ദ്ര ഗുഹ പറഞ്ഞു.

അതോടോപ്പം നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ അവകാശങ്ങളും സ്വതന്ത്രാധികാരവും മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ മോദി തന്റെ അധീനതയിലാക്കുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ദിര ഗാന്ധിയിലും രാജീവ്‌ ഗാന്ധിയിലും സ്വേച്ഛാധിപത്യത്തിന്റെ പ്രവണതകൾ കണ്ടിരുന്നെങ്കിലും പിന്നീടുള്ള ജനവിധികൾ അത് മാറ്റി മറിച്ചിരുന്നു.
എന്നാൽ നരേന്ദ്ര മോദിയിൽ ഇത്തരത്തിലൊരു മാറ്റം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മോദിയിയുടെ ഏകാധിപത്യത്തിന് ഒരവസാനം ഉണ്ടാകാനുള്ള സാധ്യതകൾ വിദൂരമാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

നരേന്ദ്ര മോദി ഒരിക്കലും എം.എൽ.എയോ എം.പിയോ മാത്രമായി ഇരുന്നിട്ടില്ല. 2001 മുതൽ അദ്ദേഹം അറിയപ്പെടുന്നത് മുഖ്യ മന്ത്രിയായോ പ്രധാനമന്ത്രിയായോ ആണ്. അതിനാൽ തന്നെ ഉന്നത പദവിയെക്കുറിച്ച് മാത്രമേ മോദി ചിന്തിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

‘ബിഗ് ബോസ്, ടോപ് ബോസ് സുപ്രീം ബോസ് എന്നിങ്ങനെയുള്ള വിളികളും ബോസ് ആയുള്ള ജീവിതവും മാത്രമേ മോദിക്ക് അറിയുകയുള്ളൂ. ഉന്നത നേതാവായി, ഒരു അവതാരമായി അദ്ദേഹം സ്വയം ജനങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. രാജ്യത്ത് നടന്നിട്ടുള്ള ഏത് വികസന പ്രവർത്തനത്തിനും അദ്ദേഹം സ്വന്തം പേരും കൂടെ ചേർക്കും. അതിന്റെ വിജയം മോദിയുടെ വിജയമായി കൊട്ടിഘോഷിക്കപ്പെടും,’ അദ്ദേഹം വിമർശിച്ചു.

അതോടൊപ്പം മോദി മുസ്‌ലിം വിഭാഗത്തിനെതിരെ വർഗീയത പറയുന്നത് പ്രത്യക്ഷത്തിൽ നിർത്തിയേക്കും എന്നാൽ അതൊരിക്കലും അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് പോകില്ലെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആവശ്യം ആധിപത്യം സ്ഥാപിക്കുകയാണ്. അതിനുള്ള ശ്രമങ്ങൾ മോദി തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight :Ramachandra Guha: Can an autocrat become a democrat?

We use cookies to give you the best possible experience. Learn more