| Saturday, 10th November 2018, 5:29 pm

രാമക്ഷേത്രനിര്‍മാണം; ഓര്‍ഡിനന്‍സിനായി മെഗാറാലികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനായി അയോധ്യ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മെഗാറാലി സംഘടിപ്പിക്കുമെന്ന് ആര്‍.എസ്.എസ്. അയോധ്യ, നാഗ്പൂര്‍, ബംഗ്‌ലൂരു തുടങ്ങിയ നഗരങ്ങളിലാണ് റാലി സംഘടിപ്പിക്കുക.

നവംബര്‍ 25 നാണ് റാലി നടത്തുന്നത്. അയോധ്യ റാലിയില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുത്തേക്കുമെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍.എസ്എസിലെ മറ്റു സംഘടനകളുടെ പേരിലാകും റാലികള്‍ സംഘടിപ്പിക്കുക.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കേസ് സുപ്രീംകോടതിയില്‍ നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് റാലി നടത്താന്‍ ആര്‍.എസ്.എസ് തീരുമാനിച്ചത്.

ALSO READ:  ‘അടിച്ചു കൊല്ലെടാ അവളെ’; ശബരിമലയില്‍ 52കാരിക്ക് നേരെ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

അഞ്ച് മുതല്‍ 10 ലക്ഷം വരെ പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍.എസ്.എസ് നേതാവ് അംബരീഷ്‌കുമാര്‍ പറഞ്ഞു. അയോധ്യയിലായിരിക്കും കൂടുതല്‍ പങ്കാളിത്തം ഉണ്ടാവുകയെന്നും ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി . റാലിയെക്കുറിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ രാമക്ഷേത്രത്തിനായി 1992 ല്‍ നടത്തിയത് പോലെയുള്ള പ്രകടനങ്ങള്‍ നടത്താന്‍ തയ്യാറാണ് എന്ന് ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി പറഞ്ഞിരുന്നു.
അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടി വച്ചതില്‍ ജോഷി അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. രാമന്റെ ജന്മ സ്ഥലമെന്ന് ഇവര്‍ അവകാശപ്പെടുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്നും ജോഷി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കേസ് വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അതേസമയം, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more