| Friday, 15th April 2022, 3:37 pm

രാമന്‍ ഒരു ദൈവമല്ല കഥയിലെ കഥാപാത്രം മാത്രമാണ്; വാത്മീകിയെയാണ് നമ്മള്‍ വിശ്വസിക്കുന്നത് രാമനെയല്ല: ജിതന്‍ റാം മാഞ്ചി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: രാമന്‍ ഒരു ദൈവമല്ല കഥയിലെ കഥാപാത്രം മാത്രമാണെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ചി. രാമനില്‍ വിശ്വാസമില്ലെന്നും രാമന്‍ എന്നത് തുളസിദാസും വാത്മീകിയുണ്ടാക്കിയ കഥയിലെ കഥാപാത്രം മാത്രമാണെന്നും ജിതന്‍ റാം മാഞ്ചി പറഞ്ഞു.

തുളസിദാസും വാത്മീകിയും രാമയണം ഉള്‍പ്പടെ മറ്റ് നിരവധി കഥകളെഴുതി. അതൊക്കെ നമ്മള്‍ വിശ്വസിക്കുന്നു. സത്യത്തില്‍ നമ്മള്‍ അവരെയാണ് വിശ്വസിക്കുന്നത്, അല്ലാതെ രാമനെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ആര്‍. അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കവേയാണ് മാഞ്ചിയുടെ പരാമര്‍ശം.

‘നിങ്ങള്‍ രാമനില്‍ വിശ്വസിക്കുന്നുണ്ടോ, നമ്മള്‍ ശബരി കഴിച്ച പഴം രാമന്‍ കഴിച്ചുവെന്ന കഥ കേട്ടിട്ടുണ്ട്. ദളിതന്‍ കടിക്കുന്ന പഴം ബ്രാഹ്മണര്‍ ഭക്ഷിക്കില്ല, അയാളത് തൊട്ട് നോക്കുക മാത്രമാണ് ചെയ്തതെങ്കില്‍ കൂടിയും അവരത് കഴിക്കാന്‍ തയ്യാറാകില്ല.

ഈ ലോകത്ത് രണ്ട് ജാതി മാത്രമേയുള്ളു, അത് പാവപ്പെട്ടവനും പണക്കാരനുമാണ്,’ ബ്രാഹ്മണന്മാര്‍ ദളിതരോട് വിവേചനം കാണിക്കുന്നുവെന്നും മാഞ്ചി പറഞ്ഞു.

രാമനവമിയുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഇടയിലാണ് മഞ്ചിയുടെ പരമാര്‍ശം എന്നതും ശ്രദ്ധേയമാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights: Ram Was Not God, Was Character In Story: BJP’s Bihar Ally

We use cookies to give you the best possible experience. Learn more