| Sunday, 13th January 2019, 10:16 pm

സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് അച്ഛന്‍ മാപ്പു പറയണം; കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാനെതിരെ പ്രതിഷേധവുമായി മകള്‍ ആശാ പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയെ പഠിപ്പില്ലാത്തവള്‍ (അംഗൂത്ത ചാപ്പ്) എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ മകള്‍ ആശാ പാസ്വാന്‍. രാം വിലാസ് പാസ്വാന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആശാ പാസ്വാന്‍ ആവശ്യപ്പെട്ടു.

മാപ്പു പറയണമെന്ന ആശയം ഉന്നയിച്ച് ആശയും നിരവധി സ്ത്രീകളും ചേര്‍ന്ന് പാട്ന വിമാനത്താവളത്തിന്റെ മുന്നിലെ പാസ്വാന്റെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

“അദ്ദേഹം തന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം. എല്ലാ സ്ത്രീകളേയും അദ്ദേഹം ബഹുമാനിക്കണം”- ആശ എ.എന്‍.ഐയോട് പറഞ്ഞു.

ആര്‍.ജെ.ഡി വെറുതെ മുദ്രാവാക്യം വിളിക്കുകയാണെന്നും, എഴുത്തും വായനയും അറിയാത്ത ഏതൊരാള്‍ക്കും മുഖ്യമന്ത്രിയാകാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത് എന്നായിരുന്നു പാസ്വാന്‍ റാബ്രി ദേവിയെക്കുറിച്ച് പറഞ്ഞത്. ആര്‍.ജെ.ഡി നേതാവായ രാബ്രി 1997-2005 കാലഘട്ടത്തില്‍ മൂന്നു പ്രാവശ്യം ബിഹാറിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ ഭാര്യയാണ് റാബ്രി ദേവി.

രാം വിലാസ് പാസ്വാന്റെ ആദ്യ ഭാര്യ രാജ് കുമാരി ദേവിയുടെ മകളാണ് ആശ പാസ്വാന്‍. ആര്‍.ജെ.ഡി നേതാവ് അനില്‍ സാധുവിന്റെ ഭാര്യയാണ് ആശ.

We use cookies to give you the best possible experience. Learn more