| Tuesday, 20th August 2019, 11:20 pm

സംവരണത്തെ കുറിച്ച് ചര്‍ച്ച വേണ്ട, അത് ഭരണഘടന അവകാശമാണ്'; മോഹന്‍ ഭാഗവതിന്റെ സംവാദ ക്ഷണത്തെ തള്ളി രാം വിലാസ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന സംവരണത്തെ കുറിച്ച് ചര്‍ച്ച നടക്കണമെന്ന ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ വാക്കുകളെ തള്ളി കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്‍. സംവരണത്തെ കുറിച്ച് സംവാദത്തിന്റെ ആവശ്യമില്ലെന്നും അത് ഭരണഘടന അവകാശമാണെന്നുമാണ് പാസ്വാന്റെ പ്രതികരണം.

ഭാഗവത് എന്താണ് പറഞ്ഞതെന്ന് കൃത്യമായി എനിക്കറിയില്ല. സംവരണത്തെ കുറിച്ച് മോദി സര്‍ക്കാര്‍ ബോധ്യമുണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് കൂടി സംവരണം നല്‍കി നമ്മള്‍ മുന്നോട്ട് പോയി. ഇതൊരു ഭരണഘടന അവകാശമാണ്. അത് തകര്‍ക്കാന്‍ കഴിയില്ലെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ ‘ഗ്യാന്‍ ഉത്സവ്’ മത്സര പരീക്ഷക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് സംവരണം ഇല്ലാതാക്കാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ആര്‍.എസ്.എസ് തലവന്‍ സൂചന നല്‍കിയത്.

‘സംവരണത്തെ അനുകൂലിക്കുന്നവര്‍ സംവരണത്തെ എതിര്‍ക്കുന്നവരെയും തിരിച്ചും പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു മിനിറ്റിനുള്ളില്‍ നിയമമില്ലാതെ, നിയമങ്ങളില്ലാതെ നമുക്ക് ഇതിന് പരിഹാരം കാണാന്‍ കഴിയും. ആ നിമിഷം വരാതെ രാജ്യത്ത് ഐക്യമുണ്ടാകില്ല. ആരും ഈ ചോദ്യത്തിന് ഉത്തരം പറയുന്നില്ല. ഞങ്ങള്‍ അതിന് ശ്രമിക്കുകയാണെന്നും’- മോഹന്‍ ഭഗവത് പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.എസ്.എസ് സ്വാധീനം ചെലുത്തുന്നില്ലെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി. ബി.ജെ.പിയിലും കേന്ദ്ര സര്‍ക്കാറിലും പ്രവര്‍ത്തിക്കുന്ന സംഘ് പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിനെ കേള്‍ക്കും. അതിനര്‍ത്ഥം, അവര്‍ എല്ലാ കാര്യത്തിലും ഞങ്ങളെ അംഗീകരിക്കുന്നുവെന്നല്ല, തീര്‍ച്ചയായും വിയോജിപ്പുകളുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 2015ല്‍ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും സംവരണത്തിനെതിരെ മോഹന്‍ ഭഗവത് നിലപാട് വ്യക്തമാക്കിയിരുന്നു. സംവരണ നയം പുനപ്പരിശോധിക്കേണ്ടാതുണ്ടെന്നാണ് അന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

We use cookies to give you the best possible experience. Learn more