| Saturday, 10th April 2021, 8:22 am

രാമക്ഷേത്ര നിര്‍മ്മാണം 2024ഓടെ പൂര്‍ത്തിയാക്കും; കാശിയും, മഥുരയും അതിന് ശേഷം; വി.എച്ച്.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണം 2024ഓടെ പൂര്‍ത്തിയാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ആലോക് കുമാര്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ അയോധ്യ മാത്രമാണ്. രാമക്ഷേത്രനിര്‍മ്മാണത്തിനായി നിരവധി പേര്‍ സംഭാവനകളുമായി മുന്നോട്ടുവരുന്നുണ്ട്. 2024നകം ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കും. അതുവരെ കാശി, മഥുര വിഷയങ്ങള്‍ ഉന്നയിക്കില്ല. അതിന് ശേഷം മാത്രം ഈ ആവശ്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും,’ആലോക് കുമാര്‍ പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയ സംഭവത്തിലും ആലോക് പ്രതികരിച്ചു. 2024 വരെ രാമക്ഷേത്രനിര്‍മ്മാണത്തില്‍ മാത്രമാകും ശ്രദ്ധയെന്നും കാശി വിഷയം അതിന് ശേഷം പരിഗണിക്കുമെന്നായിരുന്നു ആലോകിന്റെ പ്രതികരണം.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് വാരണാസിയിലെ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന പ്രദേശവാസികളുടെ പരാതി പരിഗണിക്കവെയായിരുന്നു ഇവിടെ സര്‍വേ നടത്താന്‍ കോടതി നിര്‍ദേശിച്ചത്.

സര്‍വ്വെയ്ക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും അതില്‍ രണ്ട് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. പുരാവസ്തു ഗവേഷണ മേഖലയിലെ ഒരു വിദഗ്ധനെ സര്‍വ്വെയുടെ നിരീക്ഷകനായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

തര്‍ക്കമുന്നയിച്ച ആരാധനാലയം എന്തെങ്കിലും തരത്തിലുള്ള പൊളിച്ചുമാറ്റലുകള്‍ക്കോ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ വിധേയപ്പെട്ടതാണോയെന്നും മതഘടന വ്യക്തമാക്കുന്ന ഓവര്‍ലാപ്പിംഗ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചത്.

തര്‍ക്കസ്ഥലത്ത് പള്ളി പണിയുന്നതിന് മുമ്പേ ഏതെങ്കിലും ഹിന്ദു ക്ഷേത്രം പണിതിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

1664ല്‍ പ്രദേശത്തുണ്ടായിരുന്ന ഒരു ഹിന്ദുക്ഷേത്രം പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് മുസ്ലീം മസ്ജിദ് പണിതതെന്നായിരുന്നു കോടതിയ്ക്ക് ലഭിച്ച പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 1991ലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ram Temple Will Complete In 2024 Says VHP Leader

We use cookies to give you the best possible experience. Learn more