| Sunday, 4th November 2018, 11:14 am

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്നത് എന്റെ സ്വപ്‌നം, ആര്‍ക്കും തടയാനാകില്ല: ഉമാ ഭാരതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. രാമക്ഷേത്രം നിര്‍മിക്കുകയെന്നത് തന്റെ സ്വപ്നമാണെന്നും നിര്‍മാണത്തിനു എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉമാ ഭാരതി വ്യക്തമാക്കി. രാംജന്മഭൂമി ആന്ദോളന്‍ പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തയാളാണ് താനെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.

തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്ന് കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരിയും അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ അഭിപ്രായം ഇപ്പോള്‍ പറയാനാകില്ല. പക്ഷേ, തന്റെ അഭിപ്രായത്തില്‍ ജൂഡീഷ്യല്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ഒരു നിയമം നിര്‍മിക്കണമെന്നും ചൗധരി വ്യക്തമാക്കി.


രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരുടെയും പ്രസ്താവന. കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയേക്കുമെന്ന സൂചനയും നല്‍കിയതിനു പിന്നാലെയാണ് ഉമാഭാരതി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി ഇനി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 1992 മോഡല്‍ പ്രക്ഷോഭം ആവര്‍ത്തിക്കുമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കിയിരുന്നു. കേസ് നീണ്ടുപോകുന്നതില്‍ സുപ്രിംകോടതിയെ പരോക്ഷമായി വിമര്‍ശിച്ചും ആര്‍.എസ്.എസ് രംഗത്തെത്തിയിരുന്നു.


അതേസമയം, ക്ഷേത്ര നിര്‍മാണത്തിനു ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറ് എന്ന തിയ്യതി തിരഞ്ഞെടുക്കണമെന്ന് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഹിന്ദുക്കളെല്ലാം അന്നത്തെ ദിവസം അയോധ്യയിലെത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

We use cookies to give you the best possible experience. Learn more