ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്ര 3000 കിലോമീറ്റര്‍ പിന്നിട്ട വേളയില്‍ രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.
രാഹുല്‍ ഗാന്ധിക്ക് ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കത്തിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്.
രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു. നിങ്ങള്‍ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും, നിങ്ങളുടെ ദീര്‍ഘായുസ്സിനായി അനുഗ്രഹിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
‘നിങ്ങള്‍ എന്തിന് വേണ്ടി പോരാടുന്നുവോ ആ ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദീര്‍ഘായുസ്സിന് വേണ്ടി എന്റെ എല്ലാ എല്ലാ അനുഗ്രഹവും ഉണ്ടാകും.
നിങ്ങള്‍ ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി (സര്‍വ്വ ജന്‍ ഹിതായ് സര്‍വ്വ ജന്‍ സുഖായ്) ആണ് പ്രര്‍ത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും നിങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് കത്തില്‍ ആചാര്യ സത്യേന്ദ്ര ദാസ് കുറിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ യാത്രയില്‍ പങ്കെടുക്കാതിരുന്നതെന്ന് സത്യേന്ദ്രദാസ് അറിയിച്ചതായി കോണ്‍ഗ്രസ് അയോധ്യ വക്താവ് സുനില്‍ ഗൗതം പറഞ്ഞു.
പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും കത്തിലൂടെ അദ്ദേഹം യാത്രയ്ക്ക് ധാര്‍മിക പിന്തുണ നല്‍കിയെന്നും, രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ശരിയായതും സമയോചിതവുമാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞതായും സുനില്‍ ഗൗതം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒമ്പത് ദിവസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വീണ്ടും പുനഃരാരംഭിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്.
ഇന്ന് ഉച്ചയോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിലെ ഗോകുല്‍പുരിയില്‍ വച്ച് പതാക കൈമാറും. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കശ്മീരിലവസാനിക്കും.
2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര, തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ 110 ദിവസം കൊണ്ട് 3,000 കിലോമീറ്റര്‍ ദൂരം കടന്നുപോയി.
Content Highlight: Ram temple head priest writes to Rahul Gandhi, extends wishes for Bharat Jodo Yatra