national news
അനാശ്യാസം ആരോപിച്ച് മംഗളൂരുവില്‍ സലൂണ്‍ തല്ലിത്തകര്‍ത്ത് രാമസേന പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 24, 03:17 am
Friday, 24th January 2025, 8:47 am

മംഗളൂരു: കർണാടകയിലെ ബിജെയില്‍ അതിക്രമിച്ചെത്തിയ രാമസേന പ്രവര്‍ത്തകര്‍ സലൂണ്‍ തകര്‍ത്തു. സ്ഥാപനത്തിലെ ജീവനക്കാരെ തീവ്രഹിന്ദുത്വ വാദികള്‍ ആക്രമിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ബിജെയിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ആദിത്യ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കളേഴ്‌സ് യൂണിസെക്‌സ് സലൂണാണ് രാമസേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. സലൂണില്‍ അനധികൃത മസാജ് നടക്കുന്നുവെന്ന് ആരോപിച്ചാണ് പത്തംഗ സംഘം സലൂണ്‍ ആക്രമിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. സലൂണിന്റെ ഉടമയുടെ പരാതിയില്‍ ബര്‍ക്കെ പൊലീസാണ് കേസെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാമസേന പ്രവർത്തകൻ പ്രസാദ് അത്താവര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ ഉപകരണങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ആക്രമണത്തിൽ സലൂണിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സലൂണിലേക്ക് അതിക്രമിച്ചെത്തിയ അക്രമികള്‍ ജീവനക്കാരെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സ്ത്രീകള്‍ അടങ്ങുന്ന ജീവനക്കാരെയാണ് ഹിന്ദുത്വ വാദികള്‍ മര്‍ദിച്ചത്. ഏതാനും ദൃശ്യമാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുമായാണ് അക്രമികള്‍ സംഭവ സ്ഥലത്തെത്തിയത്.

സലൂണ്‍ തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ആക്രമണത്തെ കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അപലപിച്ചു. സംഭവം വിശദമായി അന്വേഷിക്കുന്നതിനായി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

2009ല്‍ പ്രസാദ് അത്താവറിന്റെ നേതൃത്വത്തില്‍ അതിക്രമിച്ചെത്തിയ ശ്രീരാമസേന പ്രവര്‍ത്തകര്‍ മംഗളൂരു പബ്ബിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ഉള്‍പ്പെടെ ആക്രമിച്ചിരുന്നു.

തുടർന്ന് കേസിൽ പ്രതികളായിരുന്ന 30 പേരിൽ 26 പേരെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെവിടുകയും ചെയ്തു. ശ്രീരാമസേനയിലായിരുന്ന പ്രസാദ് പിന്നീട് രൂപീകരിച്ച സംഘടനയാണ് രാമസേന.

Content Highlight: Ram Sena activists attacked a saloon in Mangalore alleging immorality