| Saturday, 12th October 2024, 12:50 pm

'രാമരാജ്യം' എന്നാൽ എല്ലാവർക്കും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം: കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാമരാജ്യമെന്നാൽ എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകുന്നതാകണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. മയൂർ വിഹാർ രാമലീലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു കുട്ടിയും വിദ്യാഭ്യാസമില്ലാതെ തുടരരുതെന്നും ആർക്കും ആരോഗ്യ പരിരക്ഷ നിഷേധിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

ശ്രീരാമൻ്റെ നീതി, സമത്വം, സേവനം എന്നീ ആശയങ്ങൾ എല്ലാവരും അനുകരിക്കണമെന്ന് മുൻ ദൽഹി മുഖ്യമന്ത്രികൂടിയായ കെജ്‌രിവാൾ പറഞ്ഞു. ‘ഭാരതീയ-ഹിന്ദു സംസ്‌കാരത്തിൻ്റെ അന്തസത്ത പ്രതിഫലിപ്പിക്കുന്ന ശ്രീരാമൻ്റെ ജീവിതത്തിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളണം.

രാമലീല പോലുള്ള പരിപാടികൾ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഈ സാംസ്‌കാരിക പൈതൃകം നമ്മുടെ കുട്ടികൾക്ക് കൈമാറേണ്ടത് നിർണായകമാണ്. ശ്രീരാമൻ്റെ നീതി, സമത്വം, സേവനം എന്നീ ആശയങ്ങൾ എല്ലാവരും അനുകരിക്കണം,’ അദ്ദേഹം പറഞ്ഞു.

രാമരാജ്യത്തിൻ്റെ കാഴ്ചപ്പാട് അനുസരിച്ച്, ഒരു കുട്ടിയും വിദ്യാഭ്യാസമില്ലാത്തവരായി തുടരരുത്, പണമില്ലാത്തതിൻ്റെ പേരിൽ ആർക്കും ആരോഗ്യപരിരക്ഷ നിഷേധിക്കരുത്, കെജ്‌രിവാൾ ജനങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പിക്ക് കീഴിലുള്ള 22 സംസ്ഥാനങ്ങളിലും വൈദ്യുതി സൗജന്യമാക്കിയാൽ 2025ലെ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. എ.എ.പിയുടെ ‘ജനതാ കി അദാലത്ത്’ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് മോദിജിയോട് ഒരു കാര്യം പറയാൻ ആഗ്രഹമുണ്ട്, അടുത്ത സെപ്റ്റംബറിൽ നിങ്ങൾക്ക് 75 വയസ്സ് തികയുകയും വിരമിക്കുകയും ചെയ്യും. നിങ്ങൾക്ക് ഒരു വർഷം കൂടി ബാക്കിയുണ്ട്. ഞാൻ മോദിജിയെ വെല്ലുവിളിക്കുന്നു, അടുത്ത ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ ഭരണത്തിന് കീഴിലുള്ള 22 സംസ്ഥാനങ്ങളിൽ സ്കൂളുകൾ നന്നാക്കുക.

അല്ലെങ്കിൽ സൗജന്യ വൈദ്യുതി നൽകുക. ഫെബ്രുവരിക്ക് മുമ്പ് വൈദ്യുതി സൗജന്യമാക്കുകയാണെങ്കിൽ ദൽഹി തെരഞ്ഞെടുപ്പിൽ മോദിജിക്ക് വേണ്ടി ഞാൻ പ്രചരണം നടത്തും,’ അദ്ദേഹം പറഞ്ഞു.

Content Highlight: ‘Ram Rajya’ means education, healthcare for all: Arvind Kejriwal at Mayur Vihar Ramleela

Latest Stories

We use cookies to give you the best possible experience. Learn more