| Sunday, 18th February 2024, 4:37 pm

അടുത്ത 1000 വർഷം ഇന്ത്യ 'രാമരാജ്യം'; പ്രമേയം പാസാക്കി ബി.ജെ.പി ദേശീയ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അടുത്ത 1000 വർഷം ഇന്ത്യ ‘രാമരാജ്യ’മാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ ചരിത്രപരവും മഹത്തരവുമായ നേട്ടമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് ബി.ജെ.പി ദേശീയ സമിതി.

പുതിയ കാലചക്രത്തിന് തുടക്കമായെന്നും ന്യൂദൽഹിയിൽ ബി.ജെ.പി ദേശീയ സമിതിയുടെ യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

രാമരാജ്യമെന്ന ആശയമാണ് യഥാർത്ഥ ജനാധിപത്യമെന്ന് പറഞ്ഞിരുന്ന മഹാത്മാ ഗാന്ധിയുടെ ഹൃദയത്തിലും രാമരാജ്യമെന്ന ആശയം ഉണ്ടായിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

ജനാധിപത്യ മൂല്യങ്ങളും എല്ലാവർക്കും നീതിയും സമർപ്പിക്കുന്ന ഭരണഘടന രാമരാജ്യം എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

‘ഭരണഘടനയുടെ യഥാർത്ഥ പതിപ്പിൽ മൗലികാവകാശങ്ങളുടെ ഭാഗത്ത് യുദ്ധം ജയിച്ചു മടങ്ങുന്ന ശ്രീ രാമന്റെയും സീത മാതാവിന്റെയും ലക്ഷ്മണന്റെയും ചിത്രമുണ്ട്. മൗലികാവകാശങ്ങൾക്ക് പ്രചോദനമായത് ഭഗവാൻ രാമനാണ് എന്നതിന് തെളിവാണിത്,’ പ്രസ്താവനയിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയാണ് പ്രമേയം അവതരിപ്പിച്ചത്. ദേശീയ ഉത്സവമായി ആഘോഷിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ വിജയകരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രിയെ നദ്ദ അഭിനന്ദിച്ചു.

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നം യാഥാർത്ഥ്യമായെന്നും രാംലല്ല വീട്ടിലേക്ക് തിരിച്ചുമടങ്ങിയെന്നും ബി.ജെ.പി ദേശീയ കൺവെൻഷനിൽ പറഞ്ഞു.

മതത്തോടുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയിലൂടെ ഇന്ത്യയുടെ ആത്മീയ പാരമ്പര്യം രാജ്യത്തിന്റെ ഏകത്വവുമായി ബന്ധിപ്പിക്കാൻ സാധിച്ചുവെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

CONTENT HIGHLIGHT: ‘Ram Rajya’ for next 1,000 years: BJP passes resolution on Ayodhya Ram temple

We use cookies to give you the best possible experience. Learn more