ന്യൂദല്‍ഹി: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം അകത്തായതോടെ അയാളുടെ പിന്‍ഗാമിയാരായിരിക്കുമെന്നാണ് ലോകം ഉറ്റു നോക്കുന്നത്. സാധ്യതകള്‍ മുഴുവന്‍ ഗുര്‍മീതിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് എന്ന മുപ്പതുകാരിയ്ക്കാണ്. ഹണീപ്രീത് പുറം ലോകത്തിന് അത്ര പരിചിതയല്ലെങ്കിലും സച്ചാ ദേരാ സൗദ പ്രവര്‍ത്തകര്‍ക്കിടയില്‍ റാം റഹീമിനോളം തന്നെ പ്രശസ്തയും സ്വാധീനമുള്ളവളുമാണ് ഹണീപ്രീത്.
സോഷ്യല്‍ മീഡിയയില്‍ അച്ഛന്റെ അത്ര തന്നെ ഫോളോവേഴ്‌സ് ഹണീപ്രീതിനുണ്ട്. പപ്പയുടെ മാലാഖക്കുട്ടിയെന്നാണ് ഹണീപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. അതു തന്നെയാണ് ഫെയ്‌സ്ബുക്കിലേയും പേര്. ഫത്തേഹാബാദ് സ്വദേശിയായ പ്രിയങ്കയെന്ന യുവതിയെ റാം റഹീം ദത്തെടുക്കുകയായിരുന്നു. പിന്നീട് ഹണീപ്രീത് ഇന്‍സാന്‍ എന്നു പേരും മാറ്റി. 30 ഓളം പ്രൊഫഷനലുകള്‍ തന്റെ പേരിനൊപ്പം ചേര്‍ത്തിട്ടുള്ള റാം റഹീമിന്റെ മകളായ ഹണീപ്രീതിന്റെ പ്രൊഫൈല്‍ നോക്കിയാലും അതിന്റെ ആവര്‍ത്തനം കാണാം. സംവിധായിക, എഡിറ്റര്‍, നടി, മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങി അനേകം പദവികളാണ് ഹണീപ്രീതിന്റെ പേജിലുള്ളത്.
ഹണിയുടെ പേജില്‍ നിറയെ പിതാവ് റാം റഹീമിനോടുള്ള ആരാധനയും സ്‌നേഹവും നിറഞ്ഞു നില്‍ക്കുകയാണ്. പപ്പയുടെ എയ്ഞ്ചലായ ഹണി ദത്തെടുക്കപ്പെടുന്നതിന് മുമ്പു തന്നെ റാം റഹീമിന്റെ അനുയായിയായിരുന്നു. വിശ്വാസം ഗുപ്തയെന്നയാളുടെ ഭാര്യയായിരുന്നു അന്ന് ഹണിപ്രീത്. 1999 ലായിരുന്നു ഇരുവരുടേയും വിവാഹം. വിശ്വാസും ദേരാ സച്ചയുടെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് സ്ത്രീധനത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ഹണിപ്രീതിനെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. തുടര്‍ന്ന് അവര്‍ റാം റഹീമില്‍ അഭയം തേടുകയായിരുന്നു. ഭാര്യയെ വിട്ടു കിട്ടണമെന്ന് വിശ്വാസ് ആവശ്യപ്പെട്ടെങ്കിലും പപ്പയുടെ എയ്ഞ്ചലായി തുടരാന്‍ ഹണീപ്രീതെന്ന പ്രിയങ്ക തീരുമാനിക്കുകയായിരുന്നു.
Also Read: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയുടെ ആണിക്കല്ല് ഇളക്കും
ഹര്‍ജീത് കൗറെന്ന ഭാര്യയില്‍ റാം റഹീമിന് രണ്ട് പെണ്‍കുട്ടികളുണ്ടെങ്കിലും ദത്തു പുത്രിയായ ഹണിപ്രീതിന് തന്നെയാണ് മുന്‍ തൂക്കം. റാം റഹീമിന്റെ സിനിമകള്‍ സംവിധാനം ചെയ്തതും എഡിറ്റ് ചെയ്തതും എല്ലാം ഹണീപ്രീതായിരുന്നു. അഭിനയിച്ചിട്ടുമുണ്ട്.
അനുയായികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഹണീപ്രീത് റാം റഹീമിനെപ്പോലെ തന്നെ ക്രൂരയും അച്ചടക്കം നിര്‍ബന്ധമുള്ളവളുമാണ്.