| Thursday, 17th January 2019, 7:57 am

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്:ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ഇന്ന് സി.ബി.ഐ കോടതി ശിക്ഷ വിധിക്കും. റാം റഹീമിന്റെ കൂട്ടാളികളായ മറ്റു മൂന്ന് പേരുടെയും ശിക്ഷ വിധി ഇന്നുണ്ടാകും.

കേസില്‍ നാല് പേരും കുറ്റക്കാര്‍ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി ജനുവരി 11ന് കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായേക്കാമെന്ന് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചു.

മുന്നറിയിപ്പ് കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി വിധി പറയുന്നത്. ഹിസാറിലും റോത്തകിലും അടക്കം ഗുര്‍മീത് അനുയായികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി.

Also Read:  ആചാരങ്ങള്‍ കാലാനുസൃതമായി മാറും, എല്ലാ കാലത്തും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല: ഒ. രാജഗാപോല്‍

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിയെ ഗുര്‍മീത് വെടിവെച്ചത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഗുര്‍മീത് ഛത്രപതിയെ വെടിവെച്ചത്.

സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും 2006ല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു.

അതേസമയം, ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് ഹരിയാനയിലെ സുനരിയ ജയിലിലാണ്.

2017ല്‍ ഗുര്‍മീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തില്‍ 40ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അത്തരമൊരും സാഹചര്യം ഒഴിവാക്കുന്നതിനായി റാം റഹിം സിംഗിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.

We use cookies to give you the best possible experience. Learn more