ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം ഭക്ഷണം കഴിക്കുന്നില്ലെന്നും സദാ കരഞ്ഞു കൊണ്ടിരിക്കുകയാണെന്നും സഹതടവുകാരനായിരുന്നയാളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ 25ാം തിയ്യതി റോഹ്തക്ക് ജയിലിലെത്തിച്ചതു മുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ താല്‍പര്യം കാണിക്കാതിരുന്ന റാം റഹീം ഭയചകിതനാണെന്നും റാം റഹീമിനൊപ്പം ജയിലിലുണ്ടായിരുന്നയാള്‍ പറയുന്നു.
ദളിത് ആക്ടിവിസ്റ്റായ സ്വദേശ് കിരാദാണ് റാം റഹീമിന്റെ ജയില്‍ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഒരു കേസിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പതുമാസം ജയിലിലായിരുന്ന സ്വദേശ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
“എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എന്നൊക്കെ ചോദിച്ചു കൊണ്ട് രാത്രികാലങ്ങളില്‍ റാം റഹീം കരയുമായിരുന്നു. തനിക്ക് പേടിയാണെന്നും അതിനാല്‍ സെല്ലില്‍ പൂട്ടിയിടരുതെന്നും അധികൃതരോട് ആവശ്യപ്പെടുമായിരുന്നു”. സ്വദേശ് പറയുന്നു.
കുടിക്കാന്‍ ബോട്ടില്‍ വാട്ടര്‍ ആവശ്യപ്പെട്ട ഗുര്‍മീതിന് ജയില്‍ കാന്റീനില്‍ അക്കൗണ്ട് തുറന്നതിന് ശേഷം ബോട്ടില്‍ വാട്ടര്‍ നല്‍കുകയായിരുന്നുവെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്ത റാം റഹീമിന് കാന്റീനില്‍ നിന്നും പഴങ്ങളാണ് നല്‍കുന്നതെന്നും സ്വദേശ് പറയുന്നു. വിധി വന്ന ദിവസം ദു:ഖം താങ്ങാനാവാതെ ഗൂര്‍മീത് നടക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നുവെന്നും സെല്ലിനകത്ത് ഒതുങ്ങി കൂടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആഗസ്റ്റ് 28നായിരുന്നു തന്റെ അനുയായികളായിരുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് റാം റഹീമിന് സി.ബി.ഐ പ്രത്യേക കോടതി 20 വര്‍ഷം തടവിന് വിധിച്ചത്. ഗുര്‍മീതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ കാരണം ജയിലിലെ മറ്റ് തടവുകാര്‍ക്ക് ജയിലിനകത്തെ ജയിലില്‍ കഴിയുന്ന പോലെയാണെന്നും അദ്ദേഹം പറയുന്നത്.