ന്യൂദല്‍ഹി: ബലാത്സംഗകേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ ചില പഴയ ട്വീറ്റുകള്‍ക്ക് വന്‍പിന്തുണയായിരുന്നു സംഘപരിവാറില്‍ നിന്നും അനുയായികളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇതില്‍ പലതും വിദ്വേഷ ട്വീറ്റുകളുമായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ കേരളത്തിലെ ജനങ്ങളെ അപമാനിച്ചും റാം റഹീം ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മെയ് 30 ാം തിയതിയായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. കേരളത്തില്‍ ബീഫ് പാര്‍ട്ടി നടത്തുന്നു എന്നത് തന്നെ അലോസരപ്പെടുത്തുന്നെന്നും ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നുമായിരുന്നു റാം റഹീമിന്റെ ട്വീറ്റ്. ഗുര്‍മീതിന്റെ ട്വീറ്റിനെ ആരാധകരും സംഘപരിവാര്‍ പ്രവര്‍ത്തകരും ഇരുകൈയും നീട്ടി സ്വകരിക്കുകയും ചെയ്തു.
ഇന്ത്യക്കാരെന്ന പറയാന്‍ മലയാളികള്‍ നാണിക്കണമെന്നും ഇത്തരത്തില്‍ ബീഫ് പാര്‍ട്ടി നടത്തുന്നവരെ തൂക്കിക്കൊല്ലണമെന്നുമായിരുന്നു ചിലരുടെ ആക്രോശം. അവര്‍ക്ക് കുറച്ച് ജ്ഞാനം പകര്‍ന്നു കൊടുക്കൂ ബാബ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
ഇത്തരത്തില്‍ ബീഫ് പാര്‍ട്ടികള്‍ നടത്തുന്നവര്‍ക്ക് അവിടെ വെച്ച് തന്നെ ശിക്ഷ നല്‍കുകയാണ് വേണ്ടതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.
എന്നാല്‍ ഇപ്പോള്‍ ബാബ അനുകൂലികളും സംഘപരിവാരങ്ങളും എവിടെപ്പോയി എന്നാണ് ട്വീറ്റ് റീഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചിലര്‍ ചോദിക്കുന്നത്. നാണംകെട്ടവര്‍ മലയാളികളല്ലെന്നും റാംറഹീം എന്ന ഫ്രോഡാണെന്നും ചിലര്‍ ട്വിറ്ററില്‍ കുറിക്കുന്നു.