രാംപുനിയാനിക്ക് വധഭീഷണി; മുംബൈ പൊലീസില്‍ പരാതി നല്‍കി
India
രാംപുനിയാനിക്ക് വധഭീഷണി; മുംബൈ പൊലീസില്‍ പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2019, 2:59 pm

 

ന്യൂദല്‍ഹി: എഴുത്തുകാരനും ചിന്തകനുമായ രാംപുനിയാനിക്ക് വധഭീഷണി. അജ്ഞാതരായ ഗുണ്ടകളാണ് ജൂണ്‍ ആറിന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.

രാത്രി ഫോണില്‍ വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാംപുനിയാനി മുംബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

രാത്രി എട്ടരയോടെയാണ് അദ്ദേഹത്തിന് ആദ്യ ഭീഷണി കോള്‍ വന്നത്. പുനിയാനിയുടെ ബന്ധുവാണ് ഫോണെടുത്തത്. ഹിന്ദുവിരുദ്ധനെന്ന് പറഞ്ഞ് പുനിയാനിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പുനിയാനി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. 15 ദിവസത്തിനുള്ളില്‍ ഇവിടം വിടണമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

അഞ്ച് മിനിറ്റിനുശേഷം മറ്റൊരു കോള്‍ വന്നു. അത് പുനിയാനി തന്നെയാണ് എടുത്തത്. പുനിയാനി തന്നെയാണോ ഫോണെടുത്തതെന്ന് വളരെ മോശമായി ഭാഷയില്‍ ഇയാള്‍ ചോദിച്ചു. ഇത്തവണ വിളിച്ചയാളുടെ നമ്പര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെന്നും പരാതിയില്‍ പറയുന്നു.

‘ഇത് തീര്‍ത്തും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്റെ സുരക്ഷയോര്‍ത്ത് കുടുംബം വിഷമിക്കുകയാണ്. അധികൃതര്‍ ഇതിനെ ഗൗരവമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഇതാദ്യമായല്ല ഞാനിത്രയും അവഹേളിക്കപ്പെടുന്നത്.’ രാംപുനിയാനി പറഞ്ഞതായി സബ്‌രംഗ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.

ബോംബെ ഐ.ഐ.ടി മുന്‍ പ്രഫസറായ രാംപുനിയാനി അറിയപ്പെടുന്ന യുക്തിവാദി കൂടിയാണ്.