തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാം പുനിയാനി. ജനാധിപത്യ വിരുദ്ധ മനോഭാവമാണ് മോദി സ്വീകരിക്കുന്നത് എന്നാണ് പുനിയാനി പറഞ്ഞത്.
എം.എന്‍ വിജയന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യരില്‍ ഒന്നാമനാകണം എന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും അവസാനത്തേയും സ്ഥാനത്ത് നില്‍ക്കുന്നത് മോദിയാണെന്നും അദ്ദേഹം പറഞ്ഞു.
മോദി വര്‍ഗീയ കലാപത്തിനെതിരെ മോററ്റോറിയം പ്രഖ്യാപിച്ചിരിക്കുകയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും സംഘ് പരിവാറില്‍ പ്രവര്‍ത്തിച്ചുകൊണ്ട് കാലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന മോദിയുടെ പ്രവൃത്തികള്‍ അതിന് വിരുദ്ധമാണ്. ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങള്‍ പലതും മോദിയാണ് നിയന്ത്രിക്കുന്നത്. ഇവിടെ ഫാസിസമാണ് നടക്കുന്നത്.” അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ആശയ പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും പുനിയാനി കൂട്ടിച്ചേര്‍ത്തു.